കുവൈത്ത് സിറ്റി: 2035-ഓടെ കുവൈത്ത് കാലാവസ്ഥ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി മുന്നറിയിപ്പ് നൽകി. 2010 നെ അപേക്ഷിച്ച് വാർഷിക ശരാശരി താപനില ഏകദേശം രണ്ട് ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 30 വർഷങ്ങളെ അപേക്ഷിച്ച് 2010 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ ഈ നിരക്കുകൾ യഥാർത്ഥത്തിൽ 1.1 ഡിഗ്രി വർദ്ധിച്ചതായി അൽ-ഖറാവി വ്യക്തമാക്കി.
2021-ൽ ജഹ്‌റയിൽ 54 ഡിഗ്രിയും 2020-ൽ സുലൈബിയയിൽ 53 ഡിഗ്രിയും ഉൾപ്പെടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. അൽ ഖറാവിയുടെ അഭിപ്രായത്തിൽ, 1980 കളിലും 1990 കളിലും കുവൈറ്റിൽ 50 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനില വർഷത്തിൽ ഒന്നോ രണ്ടോ നാലോ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു, എന്നാൽ ഇപ്പോൾ അത് വർഷത്തിൽ ഇരുപത് ദിവസമെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്.