കുവൈത്ത് സിറ്റി: കുവൈത്തില്‍ കാസർഗോഡുകാരായ പ്രവാസികളുടെ കൂട്ടായ്മയായ കെഇഎയുടെ ( കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്‍) ഇത്തവണത്തെ കമ്മ്യൂണിറ്റി എക്സലന്‍സി അവാർഡ് ബഹറിന്‍ എക്സ്ചേഞ്ച് കമ്പനി സിഇഒ മാത്യൂസ് വർഗ്ഗീസിന്. അദ്ദേഹം നടത്തിയ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് അവാർഡ്.
പത്തനംതിട്ടയിലെ വള്ളംകുളം സ്വദേശികളായ ഏലിയാമ്മ വര്‍ഗീസ് ദമ്പതികളുടെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവനായി 1970 ജനുവരി 25 ന് ജനനം. മുത്തശ്ശന്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ഇംഗ്ലീഷ് ട്യൂട്ടറായിരുന്നു. പല വിദ്യാലയങ്ങളിൽ പ്രധാന അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്‌കൂളിലെ ടോപ്പറും ജില്ലയില്‍ മൂന്നാംസ്ഥാനക്കാരനുമായിരുന്നു മാത്യൂസ് വർഗ്ഗീസ്.. തിരുവല്ല മാർത്തോമാ കോളേജിൽ 85-90 കാലയളവിലായിരുന്നു കലാലയ ജീവിതം. 90 ല്‍ രസതന്ത്രത്തില്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടി. അത് കഴിഞ്ഞാണ് ഫിനാന്‍സ് പഠന മേഖലയിലേക്കുള്ള മാറ്റം. അക്ഷരാര്‍ത്ഥത്തില്‍ ഇത് ജീവിത രസതന്ത്രത്തെത്തന്നെ മാറ്റിമറിച്ചു.ഒരു പ്രൊഫഷണല്‍ കോഴ്‌സു തന്നെ ചെയ്യണമെന്ന അമ്മയുടെ നിര്‍ബന്ധബുദ്ധിയും ദീര്‍ഘവീക്ഷണവും അമ്മാവന്റെ മാര്‍ഗ്ഗദര്‍ശനവും മാത്യൂസിനെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാക്കി മാറ്റി. കെമിസ്ട്രി പഠനത്തിനു ശേഷം പുതിയ വിഷയങ്ങള് പഠിക്കുവാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും മദ്രാസിൽ നിന്നും മടങ്ങുമ്പോൾ രണ്ട് പ്രൊഫഷണൽ ഡിഗ്രികൾ CA യും ICWA യും .
ഇന്ത്യയില്‍ ജോലി ചെയ്യണമെന്നായിരുന്നു ആഗ്രഹം എങ്കിലും കാലം മാത്യൂസിനെ കുവൈറ്റില് എത്തിച്ചു.1997 അവസാനത്തില് ബെഹറിന്‍ എക്‌സ്‌ചേഞ്ച് ചീഫ് അക്കൗണ്ടന്റായിട്ടായിരുന്നു നിയമനം. അതുവരെ ബുക്കുകളിൽ മാത്രം രേഖപ്പെടുത്തിയ കണക്കുകള്‍ ഭംഗിയായി കമ്പ്യൂട്ടറിലാക്കുന്ന ഓട്ടേമേഷൻ പ്രകിയക്ക് നേതൃത്വം നൽകി. 2003 ൽ ചീഫ് അക്കൗണ്ടന്റില്‍നിന്ന് അസിസ്റ്റന്റ് ജനറൽ മേനേജർ & ഫിനാന്‍സ് കംട്രോളർ എന്ന ഉയർന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2012- ൽ ഇഷ്ട മേഖലയായ ഫിനാൻസ് വിട്ട് മാനേജ്മെന്റിന്റെ താൽപര്യാർത്ഥം ഹെഡ് ഓഫ് ഓപേറേഷൻ എന്ന അഡ്മിനിഷ്ട്രേഷൻ വിഭാഗത്തിന്റെ ചുമതലയേറ്റെടുത്തു. 2014 ൽ ജനറൽ മേനേജർ, 2022ല്‍ കമ്പനിയുടെ സിഇഒ പദവി എന്ന ഏറ്റവും ഉയർന്ന പദവിയിയേറ്റടുത്ത് കമ്പനിയെ സ്ത്യുത്യർഹമായ രീതിയിൽ നയിക്കുകയാണ് മാത്യൂസ്.
ബഹ്‌റൈൻ എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിന്റെ വളർച്ചയിലും സ്ഥാപനത്തെ കുവൈറ്റ് പ്രവാസികളുടെ ഇടയിൽ ജനകീയമാക്കിയതിൽ മാത്യൂസിന്റെ പങ്കു വളരെ വലുതാണ്.
കഴിഞ്ഞ 25 വര്ഷമായി കുവൈറ്റിലെ കലാ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമായ മാത്യൂസ് ഒഴിവു സമയങ്ങളിൽ ചെടികളെയും തൻ്റെ പ്രിയപ്പെട്ട വളർത്തു പക്ഷികളെ പരിപാലിക്കുന്നതിനും സമയം കണ്ടെത്തുന്നു. കൂടാതെ തൻ്റെ ചെറിയ ചെറിയ നിഷപക്ഷ ആക്ഷേപ സാഹിത്യ ബ്ലോഗ് കളിലൂടെ ഒട്ടേറെ ആരാധകരുമായി സോഷ്യൽ മീഡിയയിലും സജീവമാണ് .
ഭാര്യ , ബിന്ദുവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം എല്ലാ സപ്പോർട്ടും നൽകുന്നു