കേരളപ്രസ്സ് ക്ലബ് കുവൈറ്റിന്റെ മാധ്യമ സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്തു. ആഗോള ഗ്രാമങ്ങളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്താൻ മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ശ്രമം ഉണ്ടാകണമെന്ന് പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തികൊണ്ടുള്ള മാറ്റങ്ങൾ അനിവാര്യമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. നമ്മൾ മറ്റുള്ളവരുമായി ബന്ധപ്പെടുന്ന രീതിയും ലോകത്തെ വീക്ഷിക്കുന്ന രീതിയും മാറിയിരിക്കുന്നു. വായനക്കാരുടെയും കേൾവിക്കാരുടേയും വിശ്വാസമാർജിച്ഛ് ലഭ്യമായ സാങ്കേതികത എങ്ങനെ പ്രയോഗികമാക്കും എന്നതാണ് ഇന്ന് മാധ്യമരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ശശികുമാർ വിശദീകരിച്ചു.
സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾടി ഓഡിറ്റോറിയത്തിൽ നടന്ന മാധ്യമ സമ്മേളനത്തിൽ കേരള പ്രസ്സ് ക്ലബ് കുവൈറ്റ് പ്രസിഡന്റ് മുനീർ അഹമ്മദ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ടിവി ഹിക്മത് സ്വാഗതം പറഞ്ഞു. മനോരമ ചാനലിലെ സീനിയർ ന്യൂസ് പ്രൊഡ്യൂസർ ഷാനിപ്രഭാകർ പങ്കെടുത്തു.
കേരള പ്രസ്സ് ക്ലബ് സ്ഥാപകാംഗം ഗഫൂർ മൂടാടിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ ‘ഫോട്ടോ ജേർണലിസ്റ്റ് അവാർഡിന് മലയാള മനോരമ ഫോട്ടോ ഗ്രാഫർ ജോസ്‌കുട്ടി പനക്കൽ അർഹനായതായി ശശികുമാർ പ്രഖ്യാപിച്ചു. 2022 ജൂൺ 21ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘ഞങ്ങളുണ്ട് ഒപ്പം’ എന്ന തലക്കെട്ടിലുള്ള ചിത്രത്തിനാണ് പുരസ്കാരം. അസോസിയേറ്റഡ് പ്രസ്സ് ടൈംമാഗസിൻ ,ന്യൂയോർക്ക് ടൈംസ് എന്നിവയ്ക്ക് വേണ്ടി മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന ഗുസ്താവോ ഫെറാറി ,ഖലീജ് ടൈംസ് സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ ഷിഹാബ് അബ്‌ദുൽ മജീദ് ,പ്രമുഖ ഫോട്ടോഗ്രാഫി മെന്റർ ആയ ബിഷാറ മുസ്തഫ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
ഗഫൂർ മൂടാടിയെ കുറിച്ചുള്ള ലഘു വിവരണം പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ അവതരിപ്പിച്ചു.
പ്രമുഖ പിന്നണി ഗായിക പുഷ്‌പ്പാവതിയും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് പരിപാടിയുടെ മാറ്റ് കൂട്ടി.