എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം പ്രവാസികളെ വട്ടം കറക്കുന്നത് തുടർക്കഥയാകുന്നു

0
44

കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ് പ്രവാസികളെ കറക്കുന്നത് വീണ്ടും തുടർക്കഥയാകുന്നു. കുവൈത്തിൽ നിന്ന് മംഗലാപുരത്തേക്കുള്ള പ്രവാസി യാത്രക്കാരാണ് ഇതിൻറെ ബുദ്ധിമുട്ടുകൾ ഏറെയും അനുഭവിക്കുന്നത്. അടിയന്തരഘട്ടങ്ങളിൽ ഈ വിമാന സർവീസിനെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ് പ്രവാസികൾ. ഞായറാഴ്ച രാവിലെ 9 മണിക്ക് പോകേണ്ടിയിരുന്ന വിമാനം റീ ഷെഡ്യൂൾ ചെയ്ത വിവരം തലേദിവസമാണ് നൽകിയത്. കുവൈത്തിൽ നിന്ന് കോഴിക്കോട് കണ്ണൂർ എന്നീ എയർപോർട്ടുകളിൽ ചെന്ന ശേഷമാണ് ഇത് മംഗലാപുരത്തേക്ക് പോകുന്നത്. എന്നാൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയശേഷം വിമാനം  നാലഞ്ചു മണിക്കൂർ  അവിടെ കിടന്നു. ദുബായിൽ നിന്ന് അടുത്ത പൈലറ്റ് വന്ന ശേഷം മാത്രമേ  മംഗലാപുരത്തേക്ക് പോവുകയുള്ളൂ എന്നാണ്  ജീവനക്കാർ അറിയിച്ചത്. അന്നേദിവസം  മകളുടെ വിവാഹത്തിൽ പങ്കെടുക്കേണ്ട രക്ഷിതാവ് ഉൾപ്പടെ ആ വിമാനത്തിൽ ഉണ്ടായിരുന്നു. എന്നാൽ കാത്തിരിപ്പിന് ഫലവും ഉണ്ടായില്ല അഞ്ചുമണിക്കൂറുകൾക്ക് ശേഷം വിമാനം മംഗലാപുരത്തേക്ക് പുറപ്പെട്ടില്ല. മണിക്കൂറുകളോളം അവിടെ ചിലവഴിച്ച വരെ വിഡ്ഢികളാക്കിക്കൊണ്ട് മംഗലാപുരത്തേക്ക് വിമാനം പോകില്ലെന്ന വിവരം അധികൃതർ നൽകി. യാത്രക്കാർ കുറവായതുകൊണ്ടാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനെതിരെ പ്രവാസി സമൂഹത്തിൽനിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഇതാദ്യമായല്ല എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികൾ ഉണ്ടാവുന്നത്.  കഴിഞ്ഞ ആഴ്ച   എമിഗ്രേഷനിലെ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വിമാന അധികൃതർ സർവീസ് വൈകും എന്ന കാര്യം യാത്രക്കാരെ അറിയിച്ചത്. അന്ന് രാവിലെ 9 മണിക്ക് പോകേണ്ടിയിരുന്ന വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത് തൊട്ടടുത്ത ദിവസം  ഉച്ചയ്ക്ക് മാത്രമാണ്. അമ്മയുടെ മരണത്തെ തുടർന്ന് നാട്ടിലേക്ക് പോകുന്ന ആൾ ഉൾപ്പെടെയുള്ളവർ ഇതിന് തുടർന്ന് ഏറെ ബുദ്ധിമുട്ടിലായിരുന്നു.

നേരത്തെയും   വിമാന സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നിരുന്നുവെങ്കിലും പ്രവാസികളുടെ നിരന്തരമായ പ്രതിഷേധങ്ങളെ തുടർന്നായിരുന്നു ഇതിൽ ഒരു അളവ് വരെ മാറ്റം വന്നത്. എന്നാൽ കാര്യങ്ങൾ വീണ്ടും പഴയ പടിയാകുന്ന സാഹചര്യത്തിൽ യാത്രക്കാരെ ദ്രോഹിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രവാസികൾ.