കുവൈത്ത് സിറ്റി: ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം രാജ്യത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 327 പേർ മരിച്ചതായി സ്ഥിതി വിവര കണക്കുകൾ. മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഗിരാസ് നാഷണൽ അവയർനസ് പ്രോജക്ട് ഫോർ ഡ്രഗ് പ്രിവൻഷൻ സിഇഒ ഡോ. അഹ്മദ് അൽ-ഷാത്തി പറഞ്ഞു. മയക്കുമരുന്നിൽ വിടുതൽ ലഭിക്കുന്നതിന് ഉയർന്ന നിലവാരമുള്ള ചികിത്സ അനിവാര്യമാണ്, അതോടൊപ്പം സാമൂഹിക പ്രത്യാഘാതങ്ങളിൽ നിന്ന് രോഗികളെ സംരക്ഷിക്കുന്നതിന് ഈ വിഷയത്തിൽ സ്വകാര്യത നിലനിർത്തുന്നത് പരമപ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒമ്പത് വയസ് പ്രായമുള്ള കുട്ടികൾക്കിടയിൽ പോലും മയക്കുമരുന്ന് ദുരുപയോഗം മൂലം അറബ് മേഖലയിൽ ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസ് (യുഎൻഒഡിസി) റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.