കുവൈത്തിൽ രണ്ടാമത് സാറ്റലൈറ്റ് പ്രോജക്ടിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു

കുവൈത്ത് സിറ്റി:  കുവൈത്ത് സാറ്റ് -1 ൻ്റെ  വിക്ഷേപണ വിജയത്തിന് ശേഷം,  സമാനമായ രണ്ടാമത്തെ ഉപഗ്രഹമായ കുവൈത്ത് സാറ്റ് -2 പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചതിൽ  അഭിനന്ദിച്ചുകൊണ്ട് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. അബ്ദുൾവഹാബ് ഹമദ് അൽ-അദ്വാനിക്ക് കത്ത് അയച്ചിരുന്നു.

കുവൈത്ത് യൂണിവേഴ്സിറ്റിയിലെ വിവിധ ശാസ്ത്ര വിഭാഗങ്ങളിൽ നിന്നുള്ള പ്രോജക്ട് ടീം അംഗങ്ങളുടെ പരിശ്രമത്തെ  അമീർ പ്രശംസിച്ചതായി ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഹെഡ് ഡോ. ഹാല ഖാലിദ് അൽ-ജസ്സാർ പറഞ്ഞു . ഈ മികച്ച ശാസ്ത്ര നേട്ടം കൈവരിക്കുന്നതിൽ കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന്റെ (കെഎഫ്‌എഎസ്) പങ്കിനെയും അമീർ പ്രശംസിച്ചു.

കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹും  ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ഹമദ് അൽ അദ്വാനിക്കും സാറ്റലൈറ്റ് ദേശീയ പ്രോജക്ട് ടീമിനും അഭിനന്ദന സന്ദേശങ്ങൾ അയച്ചിരുന്നു.