കുവൈറ്റ് സിറ്റി കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയർമാർ നേരിട്ടുകൊണ്ടിരിക്കുന്ന നാഷണല്‍ ബോർഡ് ഓഫ് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് അംബാസിഡർ ആദർശ് സ്വൈക ഉറപ്പ് നല്‍കി. കുവൈറ്റിലെ ഒന്‍പതോളം ഇന്ത്യന്‍ എഞ്ചിനീയർമാരുടെ സംഘടനകള്‍ ചേർന്ന് കഴിഞ്ഞ ഡിസംബർ 15ന് അംബാസിഡർക്ക് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. തുടർന്ന് ജനുവരി 30ന് ആദർശ് സ്വൈക വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്നതിനായി ഒരു യോഗം വിളിച്ചു ചേർത്തിരുന്നു.
ഇന്ത്യയിലെ എല്ലാ എഞ്ചിനീയറിംഗ് കോഴ്സുകൾക്കും കോളേജുകൾക്കും എഐസിടിഇയുടെയും യുജിസിയുടെയും അനുമതി മാത്രമേ ആവശ്യമുള്ളൂവെന്നും എൻബിഎ അക്രഡിറ്റേഷൻ നിർബന്ധമല്ലെന്നും ഇന്ത്യൻ എംബസി മുഖേന കേന്ദ്ര സർക്കാരും വിദ്യാഭ്യാസ മന്ത്രാലയവും കുവൈറ്റിലെ ബന്ധപ്പെട്ട അധികരികളെ അറിയിച്ചതായും. കുവൈത്ത് വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് ഈ വിഷയം ധരിപ്പിക്കുകയും ചെയ്യുമെന്നും അംബാസഡർ പറഞ്ഞു.
“കുവൈറ്റിലെ ഇന്ത്യൻ എംബസിയും പ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്, വിഷയത്തിൽ ഒരു ഒരു ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ഈ പ്രശ്നം ബാധിച്ചവരെ അടിയന്തിരമായി സഹായിക്കാൻ ഒരു താൽക്കാലിക പരിഹാരം തേടുന്നതയും അദ്ദേഹം പറഞ്ഞു .
വിദേശകാര്യ മന്ത്രാലയം, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ എന്നീ അധികാരികളുമായി ഈ വിഷയം ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനായി, എൻഒസി പ്രശ്‌നങ്ങൾ കാരണം ജോലി നഷ്‌ടപ്പെട്ട എല്ലാവരുടെയും വിവരങ്ങൾ എംബസി ശേഖരിക്കുന്നുണ്ട്. അത് എത്രയും വേഗം സമാഹരിച്ച് എംബസി തുടർനടപടികൾ സ്വീകരിക്കും. കുവൈറ്റിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം ഈ മാസം ഇന്ത്യ സന്ദർശിക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്നും യോഗത്തിൽ അംബാസഡർ സ്വൈക പറഞ്ഞു.