കുവൈത്ത് സിറ്റി : പ്രവാസികളുടെ രോഗ്യ സേവന ഫീസ് വർദ്ധന 3 വിഭാഗങ്ങളിലായി നടപ്പാക്കും. ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത് കുവൈത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ്.130 ദിനാർ ആയിരിക്കും ഇവരുടെ ഒരു വർഷത്തെ ആരോഗ്യ ഇൻഷുറൻസ് സേവന ഫീസ്. അതായത്, കുവൈത്തിലെ 28 ലക്ഷത്തോളം പ്രവാസികളിൽ ഏകദേശം 20 ലക്ഷത്തോളം വരുന്നത് സ്വകാര്യ മേഖലയിലെ ജീവനക്കാരാണ് എന്നതിനാലാണിത്.
ദമാൻ ആശുപത്രികളുടെ നിർമ്മാണം അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാകും എന്നാണ് വിലയിരുത്തൽ. ഇത് പ്രവർത്തനക്ഷമമാകുന്നതോടെ ഈ വിഭാഗത്തിലുള്ളവരുടെ എല്ലാ വിധ ആരോഗ്യ സേവനങ്ങളും ഇവിടേക്ക് മാറ്റും.
രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത് സന്ദർശ്ശക വിസയിൽ രാജ്യത്ത് എത്തുന്നവരാണ്. ഈ വിഭാഗക്കാരുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് എത്രയായിരിക്കണമെന്ന് നിശ്ചയിച്ചിട്ടില്ല. അടുത്തവർഷം പകുതിയോടെ നടപടികൾ പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാർ മേഖലയിൽ ജോലിയെടുക്കുന്ന വരും കുടുംബാംഗങ്ങളുമാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. ഇവർക്ക് നിലവിലെ ഇൻഷുറൻസ് നിരക്കിൽ ചെറിയ വർദ്ധനവ് വരുത്തി ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ താൽക്കാലികമായി അനുവദിക്കും.
അതേസമയം ഗാർഹിക തൊഴിലാളികളുടെ ഇൻഷുറൻസ് നിരക്ക് പ്രതി വർഷം 5 ദിനാർ എന്ന നിലയിൽ തുടരുന്നതായിരിക്കും.