ഇന്ത്യയിൽ വെച്ച് കാണാതായ കുവൈറ്റ് യുവതി ബംഗ്ലാദേശിൽ

0
24

കുവൈറ്റ് സിറ്റി: ജനുവരി 27 ന് ഇന്ത്യയിലെ  കൊൽക്കത്തയിൽ നിന്ന് കാണാതായ കുവൈറ്റ് യുവതിയെ ബംഗ്ലാദേശിൽ കണ്ടെത്തി. യുവതി അജ്ഞാതനായ യുവാവിനൊപ്പം ഇന്ത്യൻ  വിട്ട് ബംഗ്ലാദേശിലേക്ക് പോയതായാണ് വിവരം. 10 ദിവസത്തിലധികം നീണ്ട മാരത്തൺ അന്വേഷണത്തിന് ശേഷം യുവതിയെ കണ്ടെത്തി കുവൈറ്റ് അധികാരികൾക്ക് കൈമാറുകയും ചെയ്തു.

31 കാരിയായ യുവതി ജനുവരി 20 നായിരുന്നു തന്റെ ഇളയ സഹോദരനോടൊപ്പം ഒരു സ്വകാര്യ ആശുപത്രിയിൽ ചർമ്മ ചികിത്സയ്ക്കായി കൊൽക്കത്ത നഗരത്തിലെത്തിയത്, അവർ നഗരത്തിന് കിഴക്കുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. ജനുവരി 27ന് സഹോദരനൊപ്പം ഗ്രാമപ്രദേശത്തേക്ക് പോയ യുവതിയെ ഒരു മൃഗശാല സന്ദർശിച്ച ശേഷം അവിടെവച്ച്  കാണാതാവുകയായിരുന്നു. ഇവരുടെ സഹോദരൻ പ്രാദേശിക പോലീസ് സ്റ്റേഷനിലെത്തി സഹോദരിയെ കാണാതായ വിവരം അറിയിച്ചു.

യുവതി കുവൈറ്റ് സിം കാർഡ് ഉപയോഗിച്ചിരുന്നതിനാൽ അവരെ ഫോൺ വഴി ട്രാക്ക് ചെയ്യാൻ കഴിഞ്ഞില്ല, തുടർന്ന് റോഡരികുകളിലും കടകളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ വഴി ഇന്ത്യൻ അധികൃതർ അവളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ തുടങ്ങി.
സൂട്ടും തൊപ്പിയും മുഖംമൂടിയും ധരിച്ച യുവാവുമായി യുവതി ടാക്‌സിയിൽ മൃഗശാലയിൽ നിന്ന് പുറപ്പെടുന്നത് ദൃശ്യങ്ങളിൽ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർ ടാക്‌സി ഡ്രൈവറെ കണ്ടെത്തി, ചോദ്യം ചെയ്യലിൽ അവർ സിറ്റി സെന്ററിൽ ഇറങ്ങിയെന്ന് ടാക്സി ഡ്രൈവർ പറഞ്ഞു. സിറ്റി സെന്ററിൽ നിന്ന് ബംഗ്ലാദേശ് അതിർത്തിയിലേക്ക് മറ്റൊരു ടാക്സിയിൽ അവർ പോയെന്നും വിവരം ലഭിച്ചു.

തുടർന്ന് ഇന്ത്യൻ അധികൃതർ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽയുവാവ് ബംഗ്ലാദേശിയാണെന്ന് തിരിച്ചറിഞ്ഞു, ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് ഉള്ളതായും നിലവിൽ ഇയാൾ ബംഗ്ലാദേശിൽ ആണെന്നും തിരിച്ചറിഞ്ഞു. യുവതിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണഫലം ഇന്ത്യൻ അധികൃതർ കുവൈറ്റ് എംബസിയെ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ്  യുവതിയെ ബംഗ്ലാദേശിൽ നിന്ന്  കണ്ടെത്തി കുവൈത്ത് അധികൃതർക്ക് കൈമാറിയത്.