കുവൈറ്റ് സിറ്റി:കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ചില വിഷയങ്ങളിൽ പ്രവാസി അധ്യാപകരുടെ എണ്ണം കുറയ്ക്കാൻ തയ്യാറെടുക്കുന്നതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.1,800 പ്രവാസി അധ്യാപകരെ ഇത് ബാധിക്കും എന്നാണ് പത്ര റിപ്പോർട്ടിൽ പറയുന്നത്. ഇസ്ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, കമ്പ്യൂട്ടർ, കലാ വിദ്യാഭ്യാസം, സംഗീതം എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ആണ് പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നത് . സർവീസ് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്ന അധ്യാപകരുടെ ഒരു ലിസ്റ്റ് പൊതുവിദ്യാഭ്യാസ വിഭാഗം മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന് നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ വൻതോതിൽ അദ്ധ്യാപകരെ കൂട്ട പിരിച്ചുവിടൽ നടത്തുന്നതിന് മുന്നോടിയായി അധികൃതർ യോഗം ചേരും, പിരിച്ചുവിടുന്നത് സംബന്ധിച്ച് പ്രവാസി അധ്യാപകരെ അറിയിക്കുന്നതിനും പിരിച്ചുവിടൽ കത്തിൽ ഒപ്പിടുന്നതിനുമുള്ള തീയതികൾ നിശ്ചയിക്കുന്നതിനുമായാണ് ഇത് .
ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ഹമദ് അൽ അദ്വാനിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നടപടി എന്നും വാർത്തയിൽ ഉണ്ട്.