ട്രാഫിക് നിയമ ലംഘന വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ കുവൈറ്റും യുഎഇയും തമ്മില്‍ ധാരണ

0
19

കുവൈറ്റ് സിറ്റി: ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാനും അവയുടെ പിഴകള്‍ ഈടാക്കുന്ന സംവിധാനം ഏകീകരിക്കാനും കുവൈറ്റും യുഎഇയും തമ്മില്‍ ധാരണ. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിലെയും യുഎഇയിലെയും ഗതാഗത ലംഘനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കുവൈറ്റിലെ പ്രാദേശിക ദിനപ്പത്രമായ അല്‍ റായ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ യുഎഇയിലെ ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹാരിബ്, കുവൈറ്റ് ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും ട്രാഫിക് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക സംഘത്തിന്റെ തലവനുമായ മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഖ് തുടങ്ങിയവര്‍ പങ്കെടുത്തതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ പ്രസ്താവനയില്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റെല്ലാ സുരക്ഷാ സേവനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു തുടക്കമാണ് ഈ പദ്ധതിയെന്ന് അല്‍ സായിഖ് വ്യക്തമാക്കി. ഇത് പരസ്പര സഹകരണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷ ശക്തിപ്പെടുത്താനും സഹായകമാകും. ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ഏകോപനവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ട്രാഫിക് സംവിധാനം ബന്ധിപ്പിക്കുന്ന നടപടി കഴിഞ്ഞ എട്ടുമാസമായി നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.