നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് നിയമസഭയിലേക്ക് ആദ്യ വനിതാ സാമാജികരെത്തുന്നു. ഹെകാനി ജഖാലുവും സല്‍ഹൗതുവോനുവോ ക്രൂസെയുമാണ് നിയമസഭയില്‍ എത്തിയ ആദ്യ വനിത പ്രതിനിധികള്‍. എന്‍ഡിപിപി സ്ഥാനാര്‍ത്ഥികളായ ഹെകാനി ദിമാപൂര്‍ മൂന്നില്‍ നിന്നും സല്‍ഹൗതുവോനുവോ വെസ്റ്റ് അംഗമിയില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.1,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹെകാനി ലോക് ജനശക്തി പാര്‍ട്ടിയുടെ (റാം വിലാസ്) സ്ഥാനാര്‍ത്ഥിയായ അസെറ്റോ സിമോമിയെ പരാജയപ്പെടുത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെനീസാഖോ നഖ്രോയെ ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സല്‍ഹൗതുവോനുവോ പരാജയപ്പെടുത്തിയത്.നാഗാലാന്‍ഡില്‍ നാല് വനിതകള്‍ മാത്രമാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ റോസി തോംപ്‌സണ്‍, ബിജെപിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകള്‍.