സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവാസികൾക്ക് നിശ്ചയിച്ച മരുന്ന് വിലയിൽ മാറ്റം വരുത്തും

കുവൈറ്റ് സിറ്റി: ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവാസികൾക്ക് മരുന്ന് വിൽക്കുന്ന രീതി മാറ്റുന്നത് സംബന്ധിച്ച നിർദ്ദേശം അടങ്ങുന്ന റിപ്പോർട്ട് ആരോഗ്യ മന്ത്രാലയം വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ-അവ്ധിക്ക് സമർപ്പിക്കാൻ ഒരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മരുന്നുകൾക്ക് നിശ്ചിത 5 ദിനാർ ഫീസ് ഈടാക്കുന്നതിന് പകരം, വിലനിർണ്ണയ ഘടനയിൽ മാറ്റം വരുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു.

നിശ്ചിത ഫീസ് ഏർപ്പെടുത്തിയിട്ടും മന്ത്രാലയത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും മരുന്നുകളുടെ ഉപഭോഗം ഗണ്യമായി തുടരുന്നതായി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. എക്സ്-റേ മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവക്ക് പ്രവാസികൾ ഫീസ് നൽകാത്ത സംഭവങ്ങൾ ഉള്ളതായും റിപ്പോർട്ടിൽ ഉണ്ട്.  ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രവാസികളുടെ മൊത്തത്തിലുള്ള വിലനിർണ്ണയ സംവിധാനം മെച്ചപ്പെടുത്താനുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശം.