കുവൈത്ത് സിറ്റി: 2021-22 വർഷങ്ങളിലായി ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 44% വർദ്ധനവ് ഉണ്ടായതായി അപെക്‌സ് ട്രേഡ് പ്രൊമോഷൻ ബോഡിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. മുൻ സാമ്പത്തിക വർഷത്തെ 27.8 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2021-22 ൽ ഏകദേശം 43.9 ബില്യൺ ഡോളറിൻ്റെ ഇടപാടുകൾ നടന്നു.
ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയും കയറ്റുമതിയുടെ കാര്യത്തിൽ വലിയൊരു ശതമാനവും പോകുന്ന യുഎഇയിലേക്കുള്ള കയറ്റുമതി വർദ്ധിച്ചു. ഇന്ത്യയുടെ കയറ്റുമതി പ്രൊമോഷൻ കൗൺസിലുകളുടെ അപെക്‌സ് ബോഡിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (FIEO) പറയുന്നതനുസരിച്ച്, 2021 സാമ്പത്തിക വർഷത്തെ 16.7 ബില്യൺ ഡോളറിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ ഇത് 28 ബില്യൺ ഡോളറായി ഉയർന്നു.
പേപ്പർ വ്യവസായത്തിന്റെ കാര്യത്തിൽ, ജിസിസിയിൽ ഇന്ത്യയ്ക്ക് 16 ശതമാനം വിപണി വിഹിതമുണ്ട്, മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവെക്കുന്നതിലൂടെ 2027 ഓടെ 25 ശതമാനം വിപണി വിഹിതം നേടുകയാണ് ലക്ഷ്യം.ജിസിസി വിപണിയിൽ പേപ്പറിനും അനുബന്ധ ഉൽപന്നങ്ങൾക്കുമുള്ള ക്യുമുലേറ്റീവ് ഡിമാൻഡ് 3.8 ബില്യൺ യുഎസ് ഡോളറിൽ കൂടുതലാണെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യയും യുഎഇയും ഈ വർഷം ഫെബ്രുവരിയിൽ സിഇപിഎയിൽ ഒപ്പുവച്ചു, അത് 2022 മെയ് 1 മുതൽ നിലവിൽ വന്നു.ഇന്ത്യ-യുഎഇ സിഇപിഎ 2030-ഓടെ ചരക്ക് വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഈ കരാർ MSME-കൾക്ക് അവസരങ്ങൾ തുറക്കുകയും 1 ദശലക്ഷം തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.