750 മിനിറ്റിൽ 75 കലാരൂപങ്ങൾ, ആഘോഷങ്ങളുടെ ചരിത്രം സൃഷ്ടിച്ച് നമസ്തേ കുവൈത്ത്

0
16

കുവൈത്ത് സിറ്റി:  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായ ‘ആസാദി കാ അമൃത് മഹോത്സവ്’ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി. നമസ്തേ കുവൈത്ത് എന്ന് പേരിട്ട പരിപാടിയിൽ ആയിരത്തോളം കലാകാരന്മാർ ചേർന്ന് 750 മിനിറ്റിനുള്ളിൽ 75 കലാരൂപങ്ങൾ അവതരിപ്പിച്ചു.


രാവിലെ 8 മണിക്ക് ആരംഭിച്ച പരിപാടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  സാംസ്കാരിക പരിപാടികളോടെ രാത്രി വരെ തുടർന്നു. വിദേശകാര്യ സഹമന്ത്രി .വി.മുരളീധരൻ പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഊഷ്മളമായ സൗഹൃദത്തിന്റെയും പങ്കാളിത്തത്തിന്റെയും ആഘോഷം കൂടിയാണ് നമസ്‌തേ കുവൈറ്റ് എന്ന് അംബാസഡർ സിബി ജോർജ്ജ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

കുവൈത്തിൽ ഇന്ത്യൻ സംസ്‌കാരവും പൈതൃകവും പ്രദർശിപ്പിക്കുന്നതിനുള്ള ഈ ശ്രമത്തിൽ കൈകോർത്ത എല്ലാ   അസോസിയേഷനുകൾക്കും  നൃത്ത വിദ്യാലയങ്ങൾക്കും  ഇന്ത്യൻ കലാകാരന്മാർക്കും കുട്ടികൾക്കും അംബാസഡർ നന്ദി പറഞ്ഞു.

പരിപാടി എംബസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.  വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും നയതന്ത്രജ്ഞരും പരിപാടിയിൽ സന്നിഹിതരായിരുന്നു .