കുവൈറ്റ്: ചൈനയിൽ ഭീതി പടർത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളും അതീവ ജാഗ്രതയിൽ. രാജ്യത്തെ വുഹാൻ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ആശങ്ക ഉടർത്തി മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇന്ന് ചൈനയുടെ തലസ്ഥാനമായ ബീജീംഗിൽ ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രോഗം വ്യാപിക്കുന്നത് സംബന്ധിച്ച ഭീതി ഉയർന്നിരിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 82 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. നൂറുകണക്കിന് ആളുകളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കണക്കുകൾ ഇതിലും ഉയരേയാണെന്നാണ് റിപ്പോർട്ടുകൾ.
രോഗം നിയന്ത്രണത്തിലാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങൾ നിസഹായരാണെന്ന് ചൈനീസ് അധികൃതരും സമ്മതിച്ചിട്ടുണ്ട്. ചൈനയിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൈറസ് ഭീതിയിൽ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലടക്കം കടുത്ത ജാഗ്രതയിലാണ്. ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഇവിടങ്ങളിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
വൈറസ് ഭീതിയെ തുടർന്ന് ചൈനയിൽ നിന്നെത്തിയ 9 പേരെ കുവൈറ്റിൽ പ്രവേശിക്കുന്നതിൽ നിന്ന് എയർപോർട്ട് അധികൃതർ തടഞ്ഞതായി റിപ്പോർട്ടുകളെത്തുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.