കുവൈറ്റ്: രാജ്യത്ത് പൊതുമാപ്പ് ആനുകൂല്യത്തിനായി ഇന്ത്യക്കാര്‍ രജിസ്റ്റർ ചെയ്യേണ്ട തീയതിയിൽ മാറ്റം. നേരത്തെ ഏപ്രിൽ 11 മുതൽ 15 വരെയായിരുന്നു രാജ്യത്ത് അനധികൃതമായി താമസം തുടരുന്നവർക്ക് നാടുകളിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ച തീയതി. എന്നാൽ ഇത് ഏപ്രിൽ 16 മുതൽ 20 വരെയാക്കി മാറ്റിയിരിക്കുകയാണ്.
ഇന്ത്യയിലെ ലോക്ക് ഡൗൺ കണക്കിലെടുത്ത് നേരത്തെ നിശ്ചയിച്ചിരുന്ന തീയതി പ്രതിസന്ധിയുണ്ടാക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചതിനാലാണ് തീയതി പുതിക്കിയതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.
പുരുഷന്മാർക്ക് ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നഈം ബിൻ മസൂദ് ബോയ്സ് സ്‌കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിലുമാണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം.