കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്രാവിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇഖാമ പുതുക്കാൻ സൗകര്യം ഒരുക്കി കുവൈറ്റ്. വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് ഇളവ്.
സ്വകാര്യ മേഖല ജീവനക്കാരുടെയും ഗാർഹികത്തൊഴിലാളികളുടെയും ഇഖാമ ഇവരുടെ സ്പോൺസർ അല്ലെങ്കിൽ പബ്ലിക് റിലേഷൻ ഓഫീസർ എന്നിവർക്ക് താമസകാര്യ വകുപ്പിലെത്തി പുതുക്കാം. മാന്‍പവർ അതോറിറ്റിയിൽ നിന്ന് വർക്ക് പെർമിറ്റ് പുതുക്കി വാങ്ങിയ ശേഷമാണ് അപേക്ഷ നൽകേണ്ടതെന്നാണ് താമസകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി തലാൽ അൽ മഅറഫി അറിയിച്ചത്.
ഗാർഹികത്തൊഴിലാളികളുടെ പാസ്പോർട്ടിൽ മതിയായ കാലാവധി ഉണ്ടെങ്കിൽ മാത്രമെ സ്പോൺസര്‍ക്ക് അവരുടെ ഇഖാമ പുതുക്കാൻ സാധിക്കുകയുള്ളു. ആശ്രിത വിസയിലുള്ളവരുടെ സ്പോൺസർ നാട്ടിലാണെങ്കിൽ കുടുംബാംഗങ്ങൾക്ക് താൽക്കാലിക ഇഖാമ അനുവദിക്കും. അതോടൊപ്പം സന്ദർശക വിസയിൽ രാജ്യത്ത് എത്തി വിസ കാലാവധി കഴിയാറായവർക്ക് രണ്ടുമാസം വിസ കാലാവധി നീട്ടി നൽകുന്നതാണ്. ആറുമാസത്തിൽ കൂടുതൽ നാട്ടിൽ നിൽക്കേണ്ടി വന്നവർക്കു നിലവിലെ സാഹചര്യത്തിൽ മൂന്നു മാസത്തെ അവധി അപേക്ഷ നൽകാനുള്ള സൗകര്യവും താമസകാര്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ, ലെബനൻ,ശ്രീലങ്ക, ഫിലിപ്പീൻസ്, ചൈന, ഹോങ്കോങ്, ഇറാൻ, സിറിയ, ഈജിപ്ത്, ഇറാഖ്, തായ്ലൻഡ്, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈറ്റ് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇവർക്കാണ് ഇപ്പോൾ വിസ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.