പൊതു അവധി: ജനങ്ങൾക്ക് ആശങ്ക വേണ്ട; ഭക്ഷണസാധനങ്ങൾ കരുതലുണ്ടെന്ന് സർക്കാർ

0
28

കുവൈറ്റ്: രാജ്യത്ത് രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്ന് കുവൈറ്റ് ഭരണകൂടം. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായാണ് രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസമാണ് രണ്ടാഴ്ചത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചത്.

കോഫി ഷോപ്പുകൾ, റെസ്​റ്റാറൻറുകൾ, ഷോപ്പിങ്​ മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിവയെല്ലാം അടച്ചിടണമെന്ന നിർദ്ദേശം ജനങ്ങളെ ആശങ്കയിലാക്കി. അടിയന്തിര നിയന്ത്രണങ്ങൾ നടപ്പിലായ സാഹചര്യത്തിൽ ഷോപ്പിംഗ് മാളുകളിലും മറ്റും സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ആളുകളുടെ തിരക്കേറിയതോടെയാണ് കുവൈറ്റ് സർക്കാർ സമാശ്വാസ വാക്കുകളുമായെത്തിയത്.

നിലവിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കോവിഡ് 19 പ്രതിരോധനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാത്രമാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. അടിയന്തിര സാഹചര്യം ഉണ്ടായാൽ നേരിടാനായി ആറുമാസത്തെ ഭക്ഷണസാമഗ്രികൾ കരുതലുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സഹകരണസംഘങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നും അറിയിപ്പുണ്ട്.

നിലവിൽ 80 പേർക്കാണ് കുവൈറ്റിൽ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.