കുവൈറ്റ് ക്‌നാനായ വിമൻസ് ഫോറവും , ക്‌നാനായ കാത്തലിക് യൂത്ത് ലീഗും , ബി.ഡി.കെ കുവൈറ്റ് ചാപ്‌റ്ററുമായി സഹകരിച്ച് രക്തദാനക്യാമ്പ് നടത്തി

0
20

കുവൈറ്റ് ക്‌നാനായ കൾച്ചറൽ  അസോസിയേഷന്റെ വനിതാ വിഭാഗമായ, കുവൈറ്റ് ക്‌നാനായ വിമൻസ് ഫോറവും , യുവജന വിഭാഗമായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗും , ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ്  ചാപ്‌റ്ററുമായി സഹകരിച്ചു അദാൻ കോഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ സെന്ററിൽ വച്ച്  രക്തദാനക്യാമ്പ് നടത്തി. 2022 മെയ് 03-ന് , ഉച്ചയ്ക്ക്  ഒരു മണി മുതൽ ആറ് മണി വരെ ആയിരുന്നു ക്യാമ്പ്.   കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ തുറകളിൽ  നിന്നുള്ള 120-ലധികം ദാതാക്കൾ രജിസ്റ്റർ ചെയ്യുകയും 106 പേർ സന്നദ്ധ രക്തദാനം നടത്തുകയും ചെയ്തു. മാർച്ച് 25 – ന് രൂപീകരിച്ച കുവൈറ്റ് ക്‌നാനായ വിമൻസ് ഫോറത്തിന്റെ പ്രഥമ സാമൂഹ്യക്ഷേമ പരിപാടി എന്ന നിലയിൽ കൂടിയാണ് രക്തദാന ക്യാമ്പ് നടത്തിയത്.  17 വയസ്സ് മാത്രമുള്ള ക്രിസ് ലോനാസ് ബിനോ , രക്തദാന ക്യാമ്പിൽ പങ്കെടുത്ത്‌ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ രക്തദാനം നടത്തിയത് പ്രത്യേക ശ്രദ്ധയാകർഷിച്ചു.

ക്യാമ്പിന്റെ ഔപചാരികമായ  ഉദ്ഘാടനം കുവൈറ്റ് ക്‌നാനായ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിയിൽ നിർവഹിച്ചു. ലോകമെമ്പാടും നേരിടുന്ന രക്തദൗർലഭ്യം പരിഹരിക്കുന്നതിന്, ആളുകൾ സന്നദ്ധ രക്തദാനത്തിന് സ്വമേധയാ കടന്നു വരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു. രക്തദാനത്തെക്കുറിച്ച് ഇപ്പോഴും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന മിഥ്യാ ധാരണകൾ ദൂരീകരിച്ചു, ആളുകളെ ബോധവൽക്കരിക്കുന്നതിന് വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയും ഉദ്ഘാടന പ്രസംഗത്തിൽ ജയേഷ് സൂചിപ്പിച്ചു. കുവൈറ്റ് ക്‌നാനായ വിമൻസ് ഫോറം പ്രസിഡന്റ്  ഷൈനി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ , ബി.ഡി. കെയുമായി സഹകരിച്ചു, സന്നദ്ധ രക്തദാനം പോലെയുള്ള ഒരു മഹത്തായ പദ്ധതിയിലൂടെ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചതിലുള്ള അതിയായ ചാരിതാർഥ്യം പങ്കുവെച്ചു. ബിജോ മൽപാങ്കൽ ( കെ.കെ.സി.എ ജനറൽ സെക്രട്ടറി), ഷാലു ഷാജി ( കെ.സി.വൈ. എൽ ചെയർമാൻ ), ജോസ്‌കുട്ടി പുത്തൻതറ ( കെ.കെ.സി.എ ട്രഷറർ), മിനി സാബു ( കെ. കെ . ഡബ്ള്യൂ . എഫ് ട്രഷറർ), യമുന രഘുബാൽ ബിഡികെ എന്നിവർ രക്തദാതാക്കൾക്ക് ആശംസകൾ അറിയിച്ചു.  സിനി ബിനോജ് ( കെ. കെ . ഡബ്ള്യൂ.എഫ് ജനറൽ സെക്രട്ടറി)  സ്വാഗതം ആശംസിച്ചു.

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് വിജയകരമായ ഒരു ക്യാമ്പ് നടത്തിയതിനുള്ള ആദര  സൂചകമായി  കെ.കെ.സി.എ, കെ. കെ . ഡബ്ള്യൂ.എഫ്, കെ.സി.വൈ.എൽ പ്രധിനിധികൾക്കുള്ള പ്രശംസാഫലകങ്ങൾ ബി.ഡി.കെ സമ്മാനിച്ചു. കുവൈറ്റിൽ തുടർച്ചയായി രക്തദാനക്യാമ്പുകൾ നടത്തി സുസ്ഥിരവും, സുരക്ഷിതവുമായ രക്തലഭ്യത ഉറപ്പ്‌ വരുത്തുന്നതിനുള്ള, സാമൂഹ്യ സേവനങ്ങളുടെ അംഗീകാരമായി കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിനെയും, ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററിനെയും,  കെ. കെ.ഡബ്ള്യൂ.എഫ്  പ്രതിനിധികൾ ചടങ്ങിൽ ആദരിച്ചു. ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ബിഡികെ കുവൈറ്റ് വാർഷിക സ്പോൺസർ ബിഇസി എക്സ്ചേഞ്ച്, ക്യാമ്പ് സ്പോൺസർ ബദർ അൽ സമ മെഡിക്കൽ സെന്റർ, ബോസ്കോ ഗ്രൂപ്പ്, ബിരിയാണി ടവർ, സ്‌പെൻസേർസ്, ദില്ലു സ്റ്റോഴ്സ് എന്നീ സ്ഥാപനങ്ങൾ ക്യാമ്പുമായി സഹകരിച്ചു.  അതിഥികൾക്കും രക്തദാതാക്കൾക്കും സുരേന്ദ്രമോഹൻ ബിഡികെ നന്ദി അര്‍പ്പിച്ചു.ബിഡികെ ക്യാമ്പ്‌ കോർഡിനേറ്റർ നിമിഷ് കാവാലവും , കെ. കെ.ഡബ്ള്യൂ.എഫ് പ്രതിനിധി മിന്ന റ്റിബിനും പരിപാടികൾ ഏകോപിപ്പിച്ചു.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന്   ബിനോ കദളിക്കാട്ട്, അനീഷ് എം ജോസ്, മായ റെജി, ജീന ജോസ്‌കുട്ടി, സൈജു ജോർജ്, ജാൻ ജോസ്  എന്നിവർ കെ. കെ. സി. എ യിൽ നിന്നും  ശാലിനി സുരേന്ദ്രമോഹൻ, ലിനി ജോയ്, പ്രശാന്ത്,  തോമസ് അടൂർ, റെജി അച്ചൻകുഞ്ഞ്, മനോജ് മാവേലിക്കര, നളിനാക്ഷൻ, വേണുഗോപാൽ, ജോളി, ബീന, ജയൻ സദാശിവൻ, വിനോദ് , ജയേഷ്‌ ജയചന്ദ്രൻ, ബിജി മുരളി , ജിതിൻ ജോസ് എന്നിവരും സന്നദ്ധ സേവനം ചെയ്തു.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.