വിദേശരാജ്യങ്ങളിൽ നിന്ന് കോഴി ഉൾപ്പെടെ ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് കുവൈത്ത് നീക്കി

0
31

കുവൈത്ത് സിറ്റി : കുവൈത്തിൽ കോഴിമുട്ട ക്ഷാമം തുടരുന്ന സാഹചര്യത്തിൽ  വിദേശങ്ങളിൽ നിന്നും  കോഴിക്കുഞ്ഞുങ്ങളെയും മറ്റ് പക്ഷികളെയും  ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് ഇതുസംബന്ധിച്ച്  ഉത്തരവ് പുറപ്പെടുവിച്ചു.

ഇതനുസരിച്ച് ചിലി, ഓസ്‌ട്രേലിയ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ നിന്ന് എല്ലാത്തരം ജീവനുള്ള പക്ഷികളെയും ഹാച്ചറി മുട്ടകളെയും കോഴി  കുഞ്ഞുങ്ങളെയും ഇറക്കുമതി ചെയ്യാം.

വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ (OIE) നടപടിക്രമങ്ങൾ പാലിച്ചും,  മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായും ആയിരിക്കണം ഇറക്കുമതി നടത്തേണ്ടത്.

അനുമതിക്ക് മുൻപായി ഓരോ ഇറക്കുമതിയുടെയും സാമ്പിളുകൾ അഗ്രികൾച്ചർ അതോറിറ്റിയുടെ  ലബോറട്ടറിയിൽ പരിശോധിക്കും.

സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം ഏതെങ്കിലും പകർച്ചവ്യാധി ഇവയിൽ കണ്ടെത്തിയാൽ അനുമതി നിഷേധിക്കും എന്നും , അസുഖ ബാധിതരായ പക്ഷിമൃഗാദികൾ ഉൾപ്പെട്ട കൺസൈൻമെൻ്റ് ഇറക്കുമതി ചെയ്ത ആളുടെ സ്വന്തം ചിലവിൽ  തിരികെ അയക്കുമെന്നും അഗ്രികൾച്ചർ അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.