കുവൈറ്റ്: ഇന്ത്യയിലെയും ചൈനയിലെയും മുസ്ലീങ്ങളുടെ അവസ്ഥയിൽ കടുത്ത ആശങ്ക അറിയിച്ച് കുവൈറ്റ് എംപിമാർ. ഈ രാജ്യങ്ങളിൽ മുസ്ലീങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് വിഷയത്തിൽ ഇടപെടാൻ നയതന്ത്ര ശ്രമങ്ങളിലൂടെ യുഎന്നിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇരുപത്തിയേഴോളം എംപിമാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.
രണ്ട് ദിവസം മുമ്പാണ് ഇന്ത്യയിലെയും ചൈനയിലെയും മുസ്ലീങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് എംപിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യയിലെ മുസ്ലീങ്ങളെ നേരിടാൻ സർക്കാർ നിയമം ദുരുപയോഗം ചെയ്തതിലും അടിച്ചമർത്തിക്കൊണ്ടുള്ള സുരക്ഷാ നടപടികളിലും കടുത്ത ആശങ്കയാണ് പ്രസ്താവനയിൽ ഇവർ രേഖപ്പെടുത്തിയിരിക്കുന്നത്. 27 എംപിമാർ മാത്രം ഒപ്പുവച്ച ഈ പ്രസ്താവന ദേശീയ അസംബ്ലിയുടെ നിലപാടല്ലെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉസാമ അൽ ഷഹീൻ, മുഹമ്മദ് ഹയാഫ്, ഡോ.അബ്ദുൽ കരീം അൽ കന്ദരി. അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, നായിഫ് അൽ മിദ്‌റാസ്, തലാൽ അൽ ജലാൽ, മുഹമ്മദ് അൽ മുതൈരി, സാദൂൻ അൽ ഹമദ്, അബ്ദുല്ല അൽ ഫഹദ്, ഫറാജ് അൽ അർബീദ്, അബ്ദുല്ല അൽ കന്ദരി, സാലെ അൽ അശൂർ, ഖാലിദ് അൽ ഉതൈബി, ഹംദാൽ അൽ അസ്മി, സൌദ് അൽ ഷുവൈയാർ, മുഹമ്മദ് അൽ ദലാൽ, ഹുമൈദി അൽ സുബൈഇ, റിയാദ് അൽ അദ്സാനി, ഷുവൈബ് അൽ മുവൈസിറ്റി, താമിർ അൽ സുവൈത്ത്, ഡോ.ബദർ അൽ മുല്ല, നാസർ അൽ ദൂസരി, യൂസഫ് അൽ ഫദാല, അബ്ദുല്ല അൽ റൂമി. ഡോ.ഖാലിദ് അബുൽ, ഹമദ് അൽ ഹർശാനി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.