കുവൈറ്റ് സിറ്റി: വിദേശികള്‍ക്ക് രാജ്യത്ത് വീടും സ്ഥലവും വാങ്ങാന്‍ അനുമതി നല്‍കണമെന്ന് കുവൈറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കമ്പനികള്‍. അല്‍- അന്‍ബ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിലൂടെ കഴിവുറ്റ പ്രതിഭകളെ ആകര്‍ഷിക്കുകയും പ്രാദേശിക വ്യവസായികള്‍ അവരുടെ ബിസിനസുകള്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോകുന്നത് തടയാനും കഴിയുമെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടി.രാജ്യത്ത് സ്വന്തമായി ഭൂമിയും സ്ഥലവും വാങ്ങാന്‍ വിദേശികളെ അനുവദിക്കുന്നതോടൊപ്പം സ്ഥിരതാമസ അനുമതി നല്‍കുകയോ 10 വര്‍ഷം താമസാനുമതി നല്‍കുകയോ ചെയ്യണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. 2021 ലെ കുവൈറ്റിലെ നേരിട്ടുള്ള നിക്ഷേപ സര്‍വേയുടെ ചട്ടക്കൂടിനുള്ളില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ ചോദ്യാവലിയില്‍ പങ്കെടുക്കവെ കമ്പനികള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഇക്കാര്യം മുന്നോട്ടു വച്ചത്. ഇതിലൂടെ കുവൈറ്റില്‍ നിക്ഷേപം കൂട്ടാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപടി ക്രമങ്ങളും നയങ്ങളും രൂപീകരിക്കണമെന്ന് കമ്പനികള്‍ ആഗ്രഹിക്കുന്നു.