കരാറുകാരന്‍ ചതിച്ചു; കുവൈത്തിൽ 250 മലയാളി നഴ്‌സുമാർ ദുരിതത്തിൽ

0
15

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന   380 നഴ്‌സുമാരുടെ ജോലി നഷ്ടപ്പെട്ടേക്കും. ഇതിൽ 250 പേർ മലയാളികളാണ്. ജനുവരി 26 ന് തൊഴില്‍ കാലാവധി അവസാനിക്കുമെന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രി അധികൃതര്‍ നഴ്‌സുമാരെ അറിയിച്ചത്. ജെടിസി അല്‍സുകൂര്‍ കമ്പനി വഴി കരാര്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെട്ടവരാണ് ഈ നഴ്‌സുമാര്‍.നാല് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വാങ്ങിയാണ് വിവിധ കാലങ്ങളിൽ ഇവരിൽ ഭൂരിഭാഗം പേർക്കും കമ്പനി നിയമനം നൽകിയത്. അവധിയിൽ നാട്ടിലേക്ക് പോകണമെന്നും പുതിയ കരാർ ലഭിച്ചാൽ വീണ്ടും ജോലി നൽകാം എന്നുമാണ് കമ്പനി ഇവരെ ധരിപ്പിച്ചിരിക്കുന്നത്.റിലീസ് നൽകിയാൽ ഇവർക്ക് ഉയർന്ന ശമ്പളത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ തന്നെ നേരിട്ട് നിയമനം ലഭിച്ചേക്കും.എന്നാൽ പണം വാങ്ങി പുതിയ ഉദ്യോഗാർഥികളെ റിക്രൂട് ചെയ്യാനുള്ള സാധ്യത കമ്പനിക്ക് നഷ്ടമാകും എന്നതാണ് കമ്പനി അധികൃതർ ഇതിനു തയ്യാറാകാത്തത്‌ എന്നാണു നഴ്‌സുമാർ പറയുന്നത്.മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക്‌ കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന നഴ്സുമാർക്കാണു ജോലി നഷ്ടമായിരിക്കുന്നത്‌. ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക്‌ 350 ദിനാറും ക്ലിനിക്കുകളിൽ ജോലി ചെയ്യുന്നവർക്ക്‌ 300 ദിനാറുമാണു കമ്പനി ശമ്പളം നൽകുന്നത്‌. ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഇതിനു ഇരട്ടിയിലധികം തുകയാണു കമ്പനി ഈടാക്കുന്നതും. കൂടാതെ മറ്റു സേവന ആനുകൂല്യങ്ങൾ ഒന്നും തന്നെ കമ്പനി ഇവർക്ക് നൽകുന്നുമില്ല എന്നും ആരോപണം ഉണ്ട്.