60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍; കുവൈറ്റിന് ഒരു വര്‍ഷം 4.2 കോടി ദിനാര്‍ വരുമാനം ലഭിക്കും

0
29

കുവൈറ്റ് സിറ്റി:  60 വയസ്സ് കഴിഞ്ഞ നിർദിഷ്ട വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത  പ്രവാസികളുടെ വിസ പുതുക്കുന്നതിലൂടെ കുവൈത്തിൽ ഖജനാവിലേക്ക് ഒരു വര്‍ഷമെത്തുക 4.2 കോടി ദിനാര്‍. പ്രാദേശിക പത്രമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത് .പ്രവാസികള്‍ വിസ പുതുക്കുന്നതിലൂടെ റിന്യൂവല്‍ ഫീസായി 1.4 കോടി ദിനാറും ഹെല്‍ത്ത് ഇന്‍ഷുറന്‍സിലൂടെ 2.8 കോടി ദിനാറുമാണ് സര്‍ക്കാരിന് ലഭിക്കുക. 60 കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാൻ 250 ദിനാര്‍ വാർഷിക ഫീസും 500 ദിനാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സും നടപ്പിലായതോടെയാണിത്.

56,000ത്തിലേറെ പേരാണ് ഒരു വര്‍ഷത്തിനിടയില്‍ വിസ പുതുക്കുക എന്നാണ് പുറത്തുവരുന്ന കണക്കുകൾ .   നേരത്തെ വിസ പുതുക്കാന്‍ 50 ദിനാര്‍ മാത്രമാണ് പ്രവാസികളില്‍ നിന്ന് ഈടാക്കിയിരുന്നത്. എന്നാല്‍, അതേ സ്ഥാനത്ത് ഇന്ന് 250 ദിനാറാണ് ഫീസും ഇന്‍ഷുറന്‍സ് തുകയുമായി ഈടാക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു വരുമാന മാര്‍ഗമാണിത്.

ജനുവരി മുതലാണ് കുവൈറ്റില്‍ 60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.  വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മാന്‍ പവര്‍ അതോറിറ്റിയുടെ തീരുമാനത്തിനെതിരേ രാജ്യത്ത് വ്യാപകമായ പ്രതിഷേധം ഉയരുകയായിരുന്നു. തുടര്‍ന്ന് 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തി വിസ പുതുക്കാന്‍ അനുവാദം നല്‍കിയെങ്കിലും അതും ശക്തമായ എതിര്‍പ്പിന് കാരണമാവുകയായിരുന്നു. അതിനിടയില്‍ വിഷയം മന്ത്രിസഭയുടെ കീഴിലുള്ള ഫത്വ കമ്മിറ്റി മുമ്പാകെ വരികയും വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുകയുമായിരുന്നു.