കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വാതന്ത്ര്യ ദിനം, വിമോചന ദിനം, അല്‍ ഇസ്രാ വല്‍ മിറാജ് എന്നിവ പ്രമാണിച്ച് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 5 വരെയാണ് അവധി അനുവദിച്ചിരിക്കുന്നത്. ഈ ഒമ്പത് ദിവസത്തെ അവധി ആഘോഷമാക്കാൻ വിദേശ രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരുടെ എണ്ണം അനവധിയാണ്. തുര്‍ക്കി, സൗദി അറേബ്യ, ഷര്‍റം എല്‍- ഷെയ്ഖ്, ദുബായ്, ലണ്ടന്‍, മാലിദ്വീപ്, ലക്‌സര്‍, അസ്വാന്‍ തുടങ്ങിയ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനാണ് കുവൈറ്റിലെ പൗരന്മാരും പ്രവാസികളും ലക്ഷ്യമിടുന്നതെന്ന് വിനോദ- യാത്രാ മേഖലകളില്‍ നിന്നുള്ള ഉറവിടങ്ങളെ ഉദ്ധരിച്ച് അല്‍- അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
അവധി പ്രഖ്യാപന ശേഷം യാത്രയ്ക്കുള്ള റിസര്‍വേഷനുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതായി ആഭ്യന്തര വൃത്തങ്ങള്‍ വെളിപ്പെടുത്തി. അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രാവല്‍ പാക്കേജുകള്‍ 100 KD യില്‍ നിന്നാണ് ആരംഭിക്കുന്നത്. കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് ട്രാവൽ ആൻഡ് ടൂറിസം മേഖല തിരികെ എത്തും എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പ്രതീക്ഷിക്കുന്നത് .
കുവൈത്ത് പൗരന്മാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ലണ്ടനാണ്. തുര്‍ക്കി, ഇസ്താംബൂള്‍, ബര്‍സ, ട്രാബ്‌സോണ്‍ എന്നിവിടങ്ങളും യാത്രക്കാരുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളാണ്. അയല്‍ രാജ്യമായ സൗദി അറേബ്യയിലെ ഉംറ തീര്‍ഥാടനത്തിന് പങ്കെടുക്കാന്‍ യാത്രക്കാര്‍ ഏറെയാണ് എന്നും കുവൈറ്റ് ട്രാവല്‍ ആന്റ് ടൂറിസം ഏജന്‍സീസ് അസോസിയേഷന്‍ (കെടിടിഎഎ) ബോര്‍ഡ് മെമ്പര്‍ ആന്റ് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ അല്‍ സുലൈറ്റെന്‍ പറഞ്ഞു.