ദേശീയദിനാഘോഷം; സുരക്ഷാ സേന കുറവായിരുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി:   ദേശീയ ദിനാഘോഷ സമയത്ത് സുരക്ഷാ നിയന്ത്രണങ്ങൾക്കായി മതിയായ പോലിസുകാര്‍ ഉണ്ടായിരുന്നില്ലെന്ന  സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം . ആവശ്യത്തിന് സുരക്ഷാഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാന്‍ പോലിസുകാര്‍ വിസമ്മതിക്കുന്ന സ്ഥിതിയുണ്ടായി എന്ന പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ വന്നത്. ഇതിനെതിരെയാണ് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം  പ്രസ്താവന ഇറക്കിയത്. ഔദ്യോഗിക അവധി ദിനങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ സുരക്ഷ പദ്ധതി പ്രകാരമാണ് കുവൈറ്റില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.  സുരക്ഷാ കാര്യങ്ങളില്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സും പൊതു സുരക്ഷാ വിഭാഗവും തമ്മില്‍ ആളുകളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കുന്നതിലും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ നടത്തുന്നതിലും നല്ല രീതിയിലുള്ള ഏകോപനമാണ് ഉണ്ടായിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ അതിനു മുമ്പ് അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം കര്‍ശനമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.