ഐവ പ്രധിഷേധ സംഗമം നടത്തി

ഹിജാബ് നിരോധനം മനുഷ്യാവകാശ ചട്ടങ്ങളുടെ ലംഘനം എന്ന് ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐ വ) പ്രധിഷേധ സംഗമം ചൂണ്ടിക്കാട്ടി. KIG പ്രസിഡൻ്റ് പി.ടി ഷരീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

യാതൊരു ആശയ അടിത്തറയും ഇല്ലാത്ത ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കൾ മതവിദ്വേഷം ആളിക്കത്തിച്ചു വിഭാഗീയതയും പരസ്പര ഭയവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ ആണ് ഹിജാബ് വിഷയം വിവാദമാകുന്നതെന്ന് ഉൽഘാടന പ്രഭാഷണം നടത്തിയ ഷരീഫ് പി.ടി പറഞ്ഞു. വിവിധ മതങ്ങളുടെയും, ഭാഷയുടെയും സംസ്കാരങ്ങളുടെയും സംഗമ ഭൂമിയാണെന്നതാണ് ഇന്ത്യയുടെ മനോഹാരിതയും മഹത്വവും. ഇവയൊക്കെ ഇന്ത്യൻ ഭരണഘടന ഉറപ്പ് നല്കുന്ന മൌലികാവകാശങ്ങളാണ്. അതിനെതിരെ നടക്കുന്ന എല്ലാ നീക്കങ്ങളേയും ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോൽപ്പിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മുസ്‌ലിംകൾ അനുദിനം നേരിട്ടു കൊണ്ടിരിക്കുന്ന വിവേചനത്തിന്റെയും ഭീഷണികളുടെയും തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ ഹിജാബ് വിവാദവും.
വളരെ ശക്തമായ ഭരണഘടനയുള്ള രാജ്യമായിട്ടും ഇന്ത്യയിൽ ഫാസിസ്റ്റ് ഭരണകൂട തന്ത്രങ്ങളുടെ അജണ്ടയിൽ നടന്നു കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ ഭാഗമായാണ് ഇത്തരം വിഷയങ്ങൾ രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന് കുടപിടിക്കുന്ന നിയമസംവിധാനങ്ങളിൽ പകച്ചു നിൽക്കാതെ ആത്മാഭിമാനത്തോടെ നമ്മുടെ അവകാശപ്പോരാട്ടമായി തന്നെ ഇത്തരം വിഷയങ്ങൾ കാണണമെന്ന് മുഖ്യാതിഥി റഹ്മാബി ടീച്ചർ പറഞ്ഞു.
ജനാധിപത്യത്തിലും, മതേതരത്വത്തിലും, ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരും ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നമ്മോടൊപ്പം ഈ രംഗത്തുണ്ട് എന്നുള്ളത് പ്രതീക്ഷ നൽകുന്നു എന്നവർ കൂട്ടിച്ചേർത്തു.

ഹിജാബ് വിഷയത്തിൽ നമ്മുടെ ചർച്ചകളെ കേവല കർമശാസ്ത്ര വിഷയങ്ങളിൽ ഒതുക്കാതെ ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ അജണ്ടകളെ തിരിച്ചറിയുകയും അത്തരത്തിലുള്ള ഒളിയജണ്ടകളെ അഭിമുഖീകരിക്കുന്ന രൂപത്തിൽ നമ്മുടെ ചർച്ചകളെയും പ്രതിരോധങ്ങളെയും രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് എന്ന് റാനിയ സുലൈഖ പറഞ്ഞുവെച്ചു.

പരിപാടിയിൽ ഗേൾസ് വിങ്ങ് പ്രതിനിധി ദാനിയ ഫൈസൽ പ്രമേയം അവതരിപ്പിച്ച് പാസാക്കി.
പ്ലക്കാർഡുകൾ പിടിച്ച് ഗേൾസ് വിങ്ങ് കുട്ടികളുടെ പ്രതിഷേധ വീഡിയോ അവതരിപ്പിച്ചു .
ഐവ പ്രസിഡൻറ് മെഹ്ബൂബ അനീസിൻ്റെ അദ്ധ്വക്ഷതയിൽ സൂം പ്ലാറ്റ്ഫോമിൽ നബാ നിമാ ത്തിൻ്റെ ഖിറാത്തോടെ ആരംഭിച്ച പരിപാടിയിൽ ഐവ ജനറൽ സെക്രട്ടറി ആശാ ദൗലത്ത് സ്വാഗതവും സെക്രട്ടറി സൂഫിയ സാജിദ് നന്ദിയും പറഞ്ഞു.