കുവൈറ്റ് സിറ്റി: അറബ് രാജ്യങ്ങളില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഏറ്റവും കൂടുതല്‍ കുവൈറ്റില്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജലവൈദ്യുതി മന്ത്രാലയത്തിലെ ജലപദ്ധതികളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹമൂദ് അല്‍ റൗദാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി സമുദ്രജലം ശുദ്ധീകരിച്ച് ജലാവശ്യം പരിഹരിക്കുന്നതില്‍ കുവൈറ്റ് മുന്നിലാണ്. മാത്രമല്ല, കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിലും കുവൈറ്റ് മുന്നിലാണെന്ന് ലോകാരോഗ്യ സംഘടനയുടെയും യുനിസെഫിന്റെയും പഠന റിപ്പോര്‍ട്ട് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനാരോഗ്യ സംരക്ഷണത്തിലും കുടിവെള്ളത്തിന്‍റെ നിലവാരം ഉറപ്പുവരുത്തുന്നതിനും മികച്ച സേവനം അനുഷ്ഠിക്കുന്ന കുവൈറ്റി എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ധരും അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ഹമൂദ് അല്‍ റൗദാന്‍ കൂട്ടിച്ചേര്‍ത്തു. ജലോപയോഗം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.