കുവൈത്ത് സിറ്റി: മുബാറക്കിയ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തം മൂടെ 300ലേറെ വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടം ഉണ്ടായതായി പ്രാഥമിക കണക്കുകൾ. വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെയാണ് തിരക്കേറിയ മാര്‍ക്കറ്റില്‍ തീപ്പിടിത്തമുണ്ടായത്. തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടയാനായെങ്കിലും മണിക്കൂറുകള്‍ എടുത്താണ് തീ പൂര്‍ണമായും അണക്കാനായത് . തീപിടിത്തത്തില്‍ പതിനാലോളം പേര്‍ക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കത്തി നശിച്ചവയില്‍ ഏറെയും സുഗന്ധ ദ്രവ്യ വ്യപാര സ്ഥാപനങ്ങളും തോക്ക് വില്‍പ്പന കേന്ദ്രങ്ങളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷക്കണക്കിന് ദിനാറിന്റെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.