കുവൈത്ത് സിറ്റി : കുവൈത്തിൽ സമുദ്ര തീര, ഭൗമ പരിസ്ഥിതി സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനും നടപടികൾ ശക്തമാക്കി പൊതുസുരക്ഷാ വിഭാഗത്തിലെ എൻ വയോൺമെൻ്റൽ പോലീസ്. രാജ്യത്ത് പരിസ്ഥിതി സംരക്ഷണ നിയമം കർശനമായി നടപ്പാക്കാൻ തുടങ്ങി.സംഘം പാരിസ്ഥിതിക ലംഘനങ്ങൾ നിരീക്ഷിക്കുകയും നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. പൊതു ബീച്ചുകളിലോ, കുവൈത്തിലെ ദ്വീപുകളിലോ ഏതെങ്കിലും തരത്തിലുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് പതിനായിരത്തിലധികം ദിനാർ പിഴയാണ് ചുമത്തുക.ഡ്രില്ലിംഗ് അല്ലെങ്കിൽ മറ്റ് ജോലികളിൽ നിന്നുള്ള മാലിന്യങ്ങൾ കടലിലേക്കോ തീരപ്രദേശങ്ങളിലേക്കോ വലിച്ചെറിയുന്നതും നിരോധിച്ചിട്ടുണ്ട്. ഏവരും നിയമങ്ങൾ പാലിക്കണമെന്നും നിയമലംഘനങ്ങൾ ഒഴിവാക്കാൻ ദ്വീപുകളിലോ കടലിലേക്കോ തീരങ്ങളിലോ മാലിന്യങ്ങൾ വലിച്ചെറിയരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.