കുവൈത്തിലെ പുതിയ കോണ്‍ട്രാക്ടുകളില്‍ സ്വദേശികൾക്ക് 25 % നിയമനം

0
14

കുവൈത്ത് സിറ്റി: പുതിയ പദ്ധതികളിലൂടെയും ബിസിനസ് കരാറുകളിലൂടെയും കുവൈത്ത് സ്വദേശികളായ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലെ ജോലി നല്‍കാനുള്ള തീരുമാനത്തില്‍ അധികൃതര്‍ ഒപ്പുവെച്ചു. പൊതുമരാമത്ത് മന്ത്രി, വൈദ്യുതി- ജലം, പുനഃരുപയോഗ ഊര്‍ജ്ജ മന്ത്രി, എന്‍ജിനീയര്‍ അലി അല്‍ മൂസ എന്നിവരാണ് പുതിയ തീരുമാനത്തില്‍ ഒപ്പുവെച്ചതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 25 % ത്തില്‍ കുറയാതെ കുവൈറ്റ് ജീവനക്കാരുടെ എണ്ണം ഉയര്‍ത്തണമെന്ന് അലി മൂസ ആവശ്യപ്പെട്ടു.

കുവൈത്ത് വത്കരണം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു സംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വദേശികളായ തൊഴില്‍ അന്വേഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ സിവില്‍ സര്‍വീസ് കമ്മിഷനിലെ ജോലി ഭാരവും കൂടുന്നുണ്ട്. കുവൈറ്റിലെ യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിലൂടെ ഇത് കുറയ്ക്കാനാകുമെന്നാണ് ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയിലെ ദേശീയ തൊഴിലാളികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുക, കരാറുകളിലും മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള പദ്ധതികളിലും പ്രവാസികള്‍ക്ക് പകരം കുവൈറ്റ് സ്വദേശികളെ നിയമിക്കുകയെന്ന നയം കൈവരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.