കുവൈത്ത് സിറ്റി: അവശ്യവസ്തുക്കളുടെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നത് വഴി വിലക്കയറ്റമുണ്ടാകുന്നത് തടയാൻ ശക്തമായ നടപടികളുമായി കുവൈത്ത്. ഭക്ഷ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പിനെതിരെ ശക്തമായ പരിശോധനയുമായി കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയം രംഗത്തെത്തി. ആറ് പ്രത്യേക പരിശോധനാ സംഘങ്ങള്‍ക്കാണ് പരിശോധനകൾക്കായി മന്ത്രാലയം രൂപം നല്‍കിയിരിക്കുന്നത്.
സാമൂഹികകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി, സഹകരണ വകുപ്പിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ വാണിജ്യമന്ത്രാലയത്തിലെ രണ്ട് പ്രതിനിധികള്‍, സാമൂഹിക കാര്യ മന്ത്രാലയം പ്രതിനിധികള്‍, കോപ്പറേറ്റീവ് സൊസൈറ്റീസ് യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധനാ സംഘത്തിന്റെ ഇന്‍സ്പെക്ഷന്‍ വേളയില്‍ ചില സഹകരണ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പൂഴ്ത്തിവയ്പ്പുകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.