കുവൈത്തിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന സ്വദേശികൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ പരിചയം നിർബന്ധമാക്കും

0
33

കുവെെത്ത് സിറ്റി: കുവെെത്തിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന സ്വദേശികൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ പരിചയം നിർബന്ധമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വകാര്യ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാൻ സാധിക്കുന്ന തരത്തിൽ പല തരത്തിലുള്ള പദ്ധതികൾ ആണ് ഒരുക്കിയിരിക്കുന്നത്.

സർക്കാർ മേഖലയിൽ തൊഴിൽ നേടുന്ന എല്ലാവരും സ്വകാര്യ മേഖലയില്‍ നിര്‍ബന്ധമായി ജോലി ചെയ്യണമെന്ന നിർദേശം പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആണ് പുറപ്പെടുവിച്ചത്. ഇതിന് വേണ്ടി സ്വകാര്യ-സര്‍ക്കാര്‍ മേഖലകളെ തമ്മിൽ ബന്ധിപ്പിച്ച് യുവജന തൊഴില്‍ പ്ലാറ്റ്ഫോം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കുവെെറ്റ് പബ്ലിക് അതോറിറ്റി.

എല്ലാ മേഖലയിലും ഉള്ള കാര്യങ്ങളെ കുറിച്ച് ജോലിക്ക് അപേക്ഷിക്കുന്ന യുവജനങ്ങൾക്ക് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.  ധാരണയില്ലാതെ തൊഴിൽ മേഖലകൾ തിരഞ്ഞെടുത്ത്  ജോലിയിൽ പ്രവേശിക്കരുത്. ഇതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ക്രമീകരണം നടത്തിയിരിക്കുന്നതെന്ന് യൂത്ത് അതോറിറ്റി ഡയറക്ടര്‍ ഡോ. മിഷാല്‍ അല്‍ റബീഇ പറഞ്ഞതായി  വാർത്ത റിപ്പോർട്ടുകളിൽ പറയുന്നു