സുരക്ഷാ ക്യാമ്പയിൻ ശക്തമാക്കിയതിൻറെ ഭാഗമായി നിരവധി നിയമലംഘകരാണ് കുവൈത്തിൽ ദിനേന പിടിയിലാകുന്നത്. ഇതിൽ നല്ലൊരു ശതമാനവും പ്രവാസികൾ ആണ്. രാജ്യത്തെ പോലിസ് സ്‌റ്റേഷനുകളും ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രവും ഇവരെക്കൊണ്ട് നിറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.. ഇവിടങ്ങളിലെ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ നാടുകടത്തല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.
രാജ്യത്ത് വിസ നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റിലായവരാണ് ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും. നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെയും കണ്ടെത്താന്‍ ആഭ്യന്തരമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍ നവാഫിന്റെ നിര്‍ദേശപ്രകാരം പോലീസ് സുരക്ഷാ കാമ്പയിന്‍ ശക്തമാക്കിയിരുന്നു. രാജ്യത്ത് അനധികൃത താമസക്കാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞതായാണ് താമസകാര്യ വകുപ്പിന്റെ കണക്കുകള്‍. ഇതേതുടര്‍ന്നാണ് രാജ്യവ്യാപകമായി പരിശോധനകള്‍ കര്‍ക്കശമാക്കിയത്.