കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. യോഗ ഒരു മതവുമായി ബന്ധപ്പെട്ട തല്ലെന്നും ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിനെ ലക്ഷ്യമാക്കിയുള്ള ഒരു ജീവിതരീതിയാണെന്നും അംബാസഡർ സിബി ജോർജ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
എല്ലാ ആളുകൾക്കും അവരുടെ ശക്തിയോ പ്രായമോ കഴിവോ പരിഗണിക്കാതെ യോഗ പരിശീലിക്കാം. വിവേചനങ്ങൾ ഏതുമില്ലാതെ ആളുകളെയും സമൂഹത്തെയും ബന്ധിപ്പിക്കാനുള്ള സഹജമായ ശക്തി യോഗയ്ക്കുണ്ട്. യോഗ അതിർവരമ്പുകൾ മറികടന്ന് എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരുന്നുവെന്നും അതിന്റെ യഥാർത്ഥ സത്തയിൽ ഏകീകരിക്കുന്ന ശക്തിയാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
വിദേശത്തുള്ള ഇന്ത്യൻ എംബസികൾ സംഘടിപ്പിച്ച ഐഡിവൈ പ്രോഗ്രാമുകളുടെ ഡിജിറ്റൽ ഫീഡുകൾ ഒരുമിച്ച് ചേർത്ത റിലേ യോഗ സ്ട്രീമിംഗ് പരിപാടിയായ ദി ഗാർഡിയൻ റിംഗ്’ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു കുവൈറ്റിലെ ആഘോഷങ്ങൾ.
രണ്ട് മാസമായി ഐഡിവൈയുടെ ഭാഗമായി ഇന്ത്യൻ എംബസി ഓൺലൈനായും ഓഫ്‌ലൈനായും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്, അതിൽ പതിവ് യോഗ സെഷനുകളും ഉൾപ്പെടുത്തിയിരുന്നു.
നാട്യയും ഹഠയോഗവും ഉൾപ്പെടുന്ന ഒരു യോഗാ സെഷനും തുടർന്ന് കോമൺ യോഗ സെഷനും ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് നടന്നു. ആയോധന കലയായ കളരിപ്പയറ്റിന്റെ തത്സമയ അവതരണവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു .
ആയുഷ് ബുള്ളറ്റിൻ്റെ പ്രത്യേക പതിപ്പ് പരിപാടിയുടെ ഭാഗമായി പുറത്തിറക്കി. ഇന്ത്യൻ ഹോം ഗാർഡനിൽ നിന്നുള്ള ഔഷധസസ്യങ്ങളുടെ പ്രദർശനവും സുഗന്ധദ്രവ്യങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആയുർവേദ പ്രദർശനവും അംബാസഡർ ഉദ്ഘാടനം ചെയ്തു.
വിദേശ നയതന്ത്രജ്ഞർ, മാധ്യമ മേഖലയിൽ നിന്നുള്ളവർ എന്നിവരുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു