കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി നിലവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് നിശ്ചിത സമയം കഴിഞ്ഞവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള ഒരുക്കത്തിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. രോഗികള്‍, പ്രായമായവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങി രോഗ ബാധ കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളവര്‍ക്കാണ് നാലാം ഡോസ് നല്‍കുക. കൊവിഡ് വാക്‌സിന്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡികളെ നിര്‍വീര്യമാക്കാന്‍ ഒമിക്രോണ്‍ വൈറസിന് ശേഷിയുണ്ടെന്ന് പ്രാഥമിക പഠനങ്ങളില്‍ നിന്ന് മനസ്സിലാവുന്നതായി ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലാം ഡോസ് നല്‍കാനുള്ള കുവൈറ്റിന്റെ തീരുമാനം.