കുവൈത്ത് സിറ്റി: എംബസി ഓഡിറ്റോറിയത്തിൽ നടന്ന ഓപ്പൺ ഹൗസിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും തമ്മിലുള്ള ധാരണാപത്രത്തെക്കുറിച്ച് അംബാസഡർ സിബി ജോർജ് വിശദീകരിച്ചു.
2021 ജൂണിൽ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ കുവൈത്ത് സന്ദർശന വേളയിലായിരുന്നു ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും കുവൈത്തും ഒപ്പുവച്ചത്.
ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്കും കുവൈത്ത് തൊഴിലുടമകൾക്കുമുള്ള ആശങ്കകൾ എല്ലാം തന്നെ ധാരണാപത്രം അഭിസംബോധന ചെയ്യുന്നുണ്ട് .റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിലൂടെ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ ക്ഷേമവും, സുരക്ഷിതത്വവും ധാരണ പത്രം ഉറപ്പാക്കുന്നതായും അംബാസഡർ പറഞ്ഞു.
ധാരണപത്രം ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിൽ നിയമപരിരക്ഷ ഉറപ്പാക്കുന്നുണ്ട്. എംബസിയുടെ ഷെൽട്ടറിൽ കഴിയുന്ന ഗാർഹിക തൊഴിലാളികളിൽ ഭൂരിഭാഗവും അനധികൃത മാർഗങ്ങളിലൂടെ ഗാർഹിക തൊഴിലാളി വിസയിൽ കുവൈറ്റിലേക്ക് എത്തിയവരാണ്.
നിയമവിരുദ്ധ ഏജന്റുമാരെയും ഇടനിലക്കാരെയും പ്രോത്സാഹിപ്പിക്കരുത്, കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് ശരിയായ മാർഗം പിന്തുടരണമെന്നും അംബാസഡർ പറഞ്ഞു. ജോലിക്കായി കുവൈറ്റിലേക്ക് പോകുന്നതിന് ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യയിൽ അവബോധം സൃഷ്ടിക്കാൻ കമ്മ്യൂണിറ്റി അസോസിയേഷനുകളോട് അംബാസഡർ അഭ്യർത്ഥിച്ചു.