കുവൈത്ത് സിറ്റി: 60 കഴിഞ്ഞ പ്രവാസികൾക്ക് വിസ പുതുക്കുന്നതിന് ഏർപ്പെടുത്തിയ ഫീസ് താങ്ങാൻ ആകാതെ നാലായിരത്തിലേറെ പേർ കുവൈത്ത് വിട്ടതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡിമിനിസ്‌ട്രേഷൻ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസം ഇല്ലാത്ത 4000ത്തോളം പ്രവാസികൾ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോയതായാണ് റിപ്പോർട്ടിൽ പറയുന്നത്. 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ 800 ദിനാറില്‍ കൂടുതല്‍ തുക ചെലവിൽ പ്രത്യേക ഫീസ് ഈടാക്കാനാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഉത്തരവിറക്കിയത്.
ഈയൊരു വലിയ തുക താങ്ങാനാവാതെയാണ് ചെറിയ ജോലികളിൽ ഏർപ്പെട്ടിരുന്ന പലരും പ്രവാസം അവസാനിപ്പിച്ചു സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്. അഡ്മിനിസ്‌ട്രേറ്റിവ്, സപ്പോര്‍ട്ട് സര്‍വീസ് മേഖലകളില്‍ ജോലി ചെയ്തിരുന്ന മുതിര്‍ന്ന പ്രവാസികളാണ് ഏറ്റവും കൂടുതല്‍ നാട്ടിലേക്ക് തിരിച്ചത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കിടയില്‍ 1423 പേര്‍ ഈ മേഖലയില്‍ നിന്ന് പിരിഞ്ഞു പോയതായി കണക്കുകള്‍ വ്യക്തമാക്കി. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിന്ന് 792 പേരും കാര്‍ഷിക മത്സ്യബന്ധന മേഖലകളില്‍ നിന്നു 739 പേരും റെസ്റ്റോറന്റ്, ഫുഡ് പ്രോസസിംഗ് മേഖലകളില്‍ നിന്ന് 257 പേരും ഉല്പാദനമേഖലയില്‍ നിന്ന് 103 പേരും പ്രായപരിധി നിബന്ധന കാരണം തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാതെ സ്വന്തം നാടുകളിലേക്ക് മടങ്ങിയതായും റിപ്പോർട്ടിലുണ്ട് .