എംബസിയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി പ്രത്യേക സന്ദർശന പരിപാടി സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി:  75-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി  ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ‘എംബസി പരിചയപ്പെടുത്തൽ സന്ദർശന പരിപാടി’ സംഘടിപ്പിച്ചു. കുവൈത്തിലെ വിവിധ ഇന്ത്യൻ വിദ്യാലയങ്ങളിൽ നിന്നായി 300 ഓളം കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും  മാതൃഭൂമിയുടെ മഹത്തായ ചരിത്രവും സ്വാതന്ത്ര്യസമര നേട്ടങ്ങളെക്കുറിച്ചും  ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുട്ടികളോട് സംസാരിച്ചു.

എംബസി നൽകുന്ന സേവനങ്ങളുടെ  അതായത്  രാഷ്ട്രീയ, വാണിജ്യ, തൊഴിൽ, കോൺസുലാർ വിംഗുകളുടെയും മറ്റും  പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി പ്രദർശനവും ഇതിനോട് അനുബന്ധിച്ച് നടന്നു.

ഇന്ത്യൻ എംബസിയ കെട്ടിടത്തിന്റെ വാസ്തുവിദ്യാ സൗന്ദര്യത്തിന്റെ നേർക്കാഴ്ചയും ഇതുവഴി കുട്ടികൾക്ക് ലഭിച്ചു .  എംബസിയിലെ ഓഫീസർമാരുടെയും മറ്റു ജീവനക്കാരുടെയും ചുമതലകൾ സംബന്ധിച്ചും വിദ്യാർത്ഥികൾ മനസ്സിലാക്കി.

ഇന്ത്യൻ സിവിൽ സർവീസിനെ കുറിച്ച്  യുവ  നയതന്ത്രജ്ഞർ വിദ്യാർഥികൾക്ക് പറഞ്ഞുകൊടുത്തു തുടർന്ന് ചോദ്യോത്തര സെഷനും നടത്തി.

ഇതോടൊപ്പം, വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും  ഇന്ത്യൻ നേവൽ ഷിപ്പ്-INS TEG സന്ദർശിച്ചു. ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു

ഈ സംരംഭത്തിന്റെ ഭാഗമാകാൻ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളെയും എംബസി ക്ഷണിക്കുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. എംബസിയിലെ അടുത്ത സന്ദർശന തീയതി ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ ഉടൻ പ്രഖ്യാപിക്കും.