കുവൈത്ത് സിറ്റി: നിയമവിരുദ്ധമായ ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തതിന് നിരവധി പേരെ പ്രോസിക്യൂഷൻ വിചാരണയ്ക്ക് റഫർ ചെയ്തതായി ഒരു കുവൈത്ത് പത്രം റിപ്പോർട്ട് ചെയ്തു. ഏതു വിഷയം സംബന്ധിച്ചാണ് ട്വറ്റ് എന്നതോ, പ്രതികളുടെ എണ്ണമോ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഇത് റീ-ട്വീറ്റ് ചെയ്തവരെല്ലാം നിയമപരമായി ശിക്ഷിക്കപ്പെടണമെന്നാണ് പ്രോസക്യൂഷന്റെ നിലപാട്. കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും, ട്വീറ്റ് സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചതായി പത്ര റിപ്പോർട്ടിലുണ്ട്.
സമാനമായി നേരത്തെയും കുവൈത്ത് കോടതികൾ വിഷയം അടിസ്ഥാനമാക്കി റീട്വീറ്റർമാരെ ശിക്ഷിക്കുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്തിട്ടുണ്ട്.
2016-ലെ കുവൈറ്റ് സൈബർ കുറ്റകൃത്യ വിരുദ്ധ നിയമം അനുസരിച്ച് ജുഡീഷ്യറിയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്ന കുറ്റത്തിന് രണ്ടുപേരെ നേരിട്ട് ഹാജരാകാതെ വിചാരണ ചെയ്ത ശേഷം, കുവൈറ്റ് കോടതി യഥാക്രമം 10 ഉം 5 ഉം വർഷം തടവിന് ശിക്ഷിച്ചിരുന്നു.