കുവൈത്ത് സിറ്റി: ട്രാഫിക് സംവിധാന നവീകരണത്തിന് അനുസൃതമായി കുവൈറ്റിൽ ടാക്സി, കോൾ ടാക്സി സേവനങ്ങൾ ഒക്ടോബർ 1 മുതൽ പുനഃസംഘടിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹിന്റെ നിർദ്ദേശപ്രകാരമാണ് ഇത്. ടാക്സി ഡ്രൈവർമാർ നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൗരന്മാർക്കും താമസക്കാർക്കും മെച്ചപ്പെട്ട പൊതുഗതാഗത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും വേണ്ടിയാണിത്.
ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വർഷം തോറും ടാക്സി ഡ്രൈവർമാരുടെ ഫിറ്റ്‌നസ് കാർഡ് പുതുക്കും ഇത് നിർബന്ധമായും എപ്പോഴും കൈവശം വയ്ക്കണം, യാത്രക്കാരെ കയറ്റുമ്പോൾ എല്ലാ ടാക്‌സി കാറുകളും അകത്തും പുറത്തുമുള്ള എല്ലാ സാങ്കേതിക, ശുചിത്വ ആവശ്യകതകളും പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുമെന്നും നാടുകടത്തലിന് റഫർ ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയം കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പരിശോധനകളും നടത്തും.