അടിയന്തിര സാഹചര്യം നേരിടാനും സുസജ്ജം ; 6 മാസത്തേക്കുള്ള കരുതൽ ഭക്ഷ്യ ശേഖരമുള്ളതായി കുവൈറ്റ്

0
28

കുവൈത്ത് സിറ്റി :  ഒമിക്രോണ്‍ കോവിഡ് വകഭേദം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യശേഖരം സംബന്ധിച്ച് ഉറപ്പുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം. ആറ് മാസത്തേക്ക് വേണ്ട ഭക്ഷ്യശേഖരം കരുതലായുണ്ടെന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയതായി അല്‍- അന്‍ബ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റിലെ വായു, കര, കടല്‍ അതിര്‍ത്തികള്‍ ഇപ്പോഴും തുറന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ യാതൊരു മാറ്റവുമില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ കുവൈറ്റിന് മതിയായ ഭക്ഷ്യ ശേഖരം ഉണ്ട്.

കുവൈറ്റിലെ റേഷന്‍ സ്റ്റോക്കുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം പൗരന്മാരുടെയും വിദേശികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രാദേശിക വിപണിയില്‍ ലഭ്യമല്ലാത്ത ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നടപടികള്‍ ആരംഭിച്ചു.

അതേസമയം, കൊവിഡ് വൈറസിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ കുവൈറ്റ് വിമാനത്താവളത്തില്‍ കര്‍ശന പരിശോധന. കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാരില്‍ നിരീക്ഷണം ശക്തമാക്കി. വിവിധ രാജ്യങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദം വന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്.