കുവൈറ്റ് സിറ്റി: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ട് ഒരു വര്‍ഷമാകുന്നു. ഈ വര്‍ഷം ജനുവരിയിലാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ബിരുദമില്ലാത്ത വയോജനങ്ങളുടെ വിസ പുതുക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തത്. എന്നാല്‍, ഈ തീരുമാനം മന്ത്രിസഭയ്ക്കു കീഴിലെ ഫത്‌വ കമ്മിറ്റി പിന്നീട് റദ്ദാക്കിയെങ്കിലും വിസ പുതുക്കി നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല.
ഇവരുടെ വിസ പുതുക്കി നല്‍കാന്‍ തത്വത്തില്‍ തീരുമാനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ യുക്തമായ തീരുമാനം എടുക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. വിസ പുതുക്കന്നതിനുള്ള 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സിനുള്ള 500 ദിനാറും ഉള്‍പ്പെടെ 1000 ദിനാര്‍ ഈടാക്കി വിസ പുതുക്കി നല്‍കാമെന്ന് മാന്‍പവര്‍ അതോറിറ്റി പിന്നീട് തീരുമാനിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.1000 ദിനാര്‍ ഫീസ് ഈടാക്കി വിസ പുതുക്കി നല്‍കാനുള്ള തീരുമാനത്തിന് ഫത്വ, നിയമനിര്‍മാണ വകുപ്പിന്റെ അംഗീകാരം കാത്ത് കഴിയുകയാണ് മാന്‍പവര്‍ അതോറിറ്റിയെന്നാണ് റിപ്പോര്‍ട്ട്.