കുവൈത്തിൽ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തിവച്ചു

0
13

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിരവധി പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നുവെന്ന് ആരോപണത്തെ തുടര്‍ന്ന് . വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിലവില്‍ പ്രവാസികള്‍
അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ കണ്ടെത്താനുള്ള പരിശോധനാ നടപടികള്‍ ശക്തിപ്പെടുത്താന്‍ ട്രാഫിക് വിഭാഗം നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായി നിലവില്‍ പ്രവാസികള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകളുടെ വെരിഫിക്കേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. തുടർന്നാണ് പുതിയ ലൈസന്‍സ് അപേക്ഷകളിലുള്ള തുടര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്.

പ്രവാസികള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താത്ക്കാലികമായി നിര്‍ത്തിവെക്കാനാണ് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ് ഉത്തരവിട്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു പുറമെ, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അധികൃതര്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായി പ്രവാസികള്‍ നല്‍കിയ അപേക്ഷകളിലുള്ള തുടര്‍ നടപടികള്‍ ഇതോടെ താത്ക്കാലികമായി നിര്‍ത്തിവയ്ക്കും. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുന്നതു വരെ പ്രവാസികള്‍ക്ക് പുതിയ ലൈസന്‍സ് ലഭിക്കില്ല.