പൊതു,നിര്‍മാണ ആവശ്യത്തിനെടുത്ത ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് കുവൈത്തിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും

0
25

കുവൈത്ത് സിറ്റി: നിര്‍മാണ പൊതു ആവശ്യങ്ങള്‍ക്കായി ഡ്രൈവിംഗ് ലൈസന്‍സ് നേടിയവര്‍ ആ ലൈസന്‍സ് ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന കാര്യം കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പൊതു ആവശ്യങ്ങള്‍ക്കും നിര്‍മാണ ആവശ്യങ്ങള്‍ക്കും വാഹനം ഓടിക്കാന്‍ അനുവാദമുള്ളവര്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്ന ലൈസന്‍സ് ആ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കാവൂ എന്നതാണ് ശുപാര്‍ശ. ഈ ശുപാർശ അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഈ രീതിയില്‍ നിര്‍മാണ, പൊതു ആവശ്യങ്ങള്‍ക്കായി അനുവദിച്ച രണ്ട് ലക്ഷത്തിലേറെ ഡ്രൈവിംഗ് ലൈസൻസ് ഉടമകളെ ഇത് ബാധിക്കും. നിലവില്‍ ഈ ലൈസന്‍സുകള്‍ ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങളും ഇവര്‍ ഡ്രൈവ് ചെയ്യുന്നുണ്ട്. രണ്ടു ലക്ഷത്തോളം ഡ്രൈവര്‍മാര്‍ക്ക് ഇതിനുള്ള അനുമതി നിഷേധിക്കണമെന്ന ശുപാര്‍ശയാണ് അധികൃതര്‍ പരിഗണിക്കുന്നത്. രണ്ട് ലക്ഷത്തിലേറെ ഡ്രൈവര്‍മാര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുന്നതിലൂടെ രാജ്യത്തെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരം കണ്ടെത്താനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.