കുവൈത്ത് സ്വദേശിവത്ക്കരണം; സെപ്തംബറോടെ പ്രവാസികളെ സുപ്രധാന ജോലികളില്‍ നിന്ന് മാറ്റും

0
21

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസി ജീവനക്കാരെ വരുന്ന സെപ്തംബര്‍ മാസത്തോടെ സുപ്രധാന മേഖലകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. സിവില്‍ സര്‍വീസ് കമ്മീഷനെ ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാരിടൈം, സാഹിത്യം, മാധ്യമരംഗം, കലാ രംഗം, പബ്ലിക് റിലേഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ് മേഖലകളിലാണ് സെപ്റ്റംബറോടെ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പാക്കുക.
പല മേഖലകളിൽ നിന്നായി പ്രവാസികളെ ഘട്ടംഘട്ടമായി പുറത്താക്കുമെന്നതിലൂടെ
100 ശതമാനം സ്വദേശിവത്ക്കരണം എന്ന പ്രഖ്യാപിതമായ നയത്തിലേക്ക് അടുത്ത ഒന്‍പത് മാസത്തിനകം എത്തിച്ചേരാനാകും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ ഫലമായി രാജ്യത്ത് നിന്ന് 2.57 ലക്ഷത്തിലേറെ പ്രവാസികള്‍ കുവൈറ്റ് വിട്ടത് രാജ്യത്തെ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ക്ക് സഹായകമായതായും അധികൃതര്‍ വെളിപ്പെടുത്തിയതായി പത്ര റിപ്പോർട്ടിൽ പറയുന്നുണ്ട്. കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയവരില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. 7000 പേര്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ളവര്‍. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു പുറമെ, 41,200ലേറെ ഗാര്‍ഹിക തൊഴിലാളികളും 2021ല്‍ രാജ്യം വിടുകയുണ്ടായി.