കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍നില 50 ശതമാനത്തില്‍ കൂടരുതെന്ന നിർദ്ദേശം ഇന്ന് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. സമാനമായ രീതിയില്‍ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശവും അധികൃതര്‍ നൽകിയിരുന്നു . വ്യാപാരവും ബിസിനസും മുന്നോട്ടുകൊണ്ടു പോവാന്‍ അനിവാര്യമായി വരുന്നത്ര ജീവനക്കാര്‍ മാത്രമേ ഓഫീസുകളില്‍ ഹാജരാവാന്‍ പാടുള്ളൂ. വ്യാപാര സ്ഥാപനങ്ങളിലെ ആഭ്യന്തര യോഗങ്ങള്‍, ബിസിനസ് കോണ്‍ഫറന്‍സുകള്‍ തുടങ്ങിയ പരിപാടികള്‍ നേരിട്ട് ഒരു കാരണവശാലും സംഘടിപ്പിക്കാന്‍ പാടില്ല. പകരം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളെ ഉപയോഗപ്പെടുത്തണം. . എന്നാല്‍ ഏതു വരെയാണ് നിയന്ത്രണങ്ങള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ ജീവനക്കാരും സന്ദര്‍ശകരും പൂര്‍ണമായും വാക്‌സിന്‍ എടുത്തവരായിരിക്കണമെന്നും നിബന്ധനയുണ്ട്. സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണമെന്ന് ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയും വ്യക്തമാക്കി.രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ഒന്‍പത് മാസം കഴിഞ്ഞിട്ടും ബൂസ്റ്റര്‍ ഡോസ് എടുക്കുകയോ അതിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാത്തവരെ വാക്‌സിന്‍ എടുത്തവരായി പരിഗണിക്കില്ലെന്നും മന്ത്രിസഭാ യോഗം അറിയിച്ചു. അതേസമയം, രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം തികയാത്തവരെയും കോവിഡ് ബാധിച്ച് 28 ദിവസം കഴിയാത്തവരെയും പ്രതിരോധ ശേഷി ഉള്ളവരായി കണക്കാക്കും. 11 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും ഗവണ്‍മെന്റ് വക്താവ് അറിയിച്ചു.