കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ മേഖലകളിൽ സേവനഫീസ് വർധിപ്പിക്കാൻ സാധ്യത. കഴിഞ്ഞ വർഷമുണ്ടായ ബജറ്റ് കമ്മി വർധനയും വരുമാനക്കുറവും ഇത്തരമൊരു തീരുമാനമെടുക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം വീട്ടുവാടക അലവൻസ്, തൊഴിലില്ലായ്മാ വേതനം തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കാത്തവിധം ആകും നടപടികൾ.ഘട്ടംഘട്ടമായാകും വർധന ഏർപ്പെടുത്തുക,ചില മന്ത്രാലയങ്ങളിൽ ഇതിനകം തന്നെ സേവന നിരക്ക് വർധന നടപ്പാക്കി. മറ്റ് മന്ത്രാലയങ്ങളിലും അത് ബാധകമാക്കാനാണ് നീക്കം.
2020-2021 സാമ്പത്തിക വർഷം 10.8ബില്യൻ ദിനാറാണ് കുവൈത്തിൻ്റെ ബജറ്റ് കമ്മി. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കമ്മിയാണ് അത്. അതോടൊപ്പം എണ്ണ വരുമാനത്തിൽ 42.8%ഉം എണ്ണയിതര വരുമാനത്തിൽ 6.5%ഉം കുറവുമുണ്ടായി. ചില സേവനങ്ങൾക്കുള്ള ഫീസ് വർധനയും സബ്സിഡി വെട്ടിച്ചുരുക്കലുമാണ് നിലവിലെ സാഹചര്യത്തിൽ പരിഹാരമാർഗ്ഗം എന്നാണ് അധികൃതരുടെ നിലപാട്. സബ്സിഡി ഇനത്തിലുള്ള ചെലവ് നിയന്ത്രണവും സർക്കാർ പരിഗണിക്കുന്നുണ്ട്. 2163000 ആൾകളാണ് സബ്സിഡിയുടെ ഗുണഭോക്താക്കളായുള്ളത്.