ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്

0
29

കുവൈറ്റ്: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിൽ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ച് കുവൈറ്റ്. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വിലക്ക് കഴിഞ്ഞ ദിവസം അർദ്ധ രാത്രിമുതൽ തന്നെ നിലവിൽ വന്നു. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക്. കുവൈത്തിൽ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സർവീസും നിർത്തിയിട്ടുണ്ട്.

ഇന്ത്യ ഉള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളിൽ നിന്നെത്തുന്നവർ കൊറോണ മുക്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം കുവൈറ്റ് പിന്‍വലിച്ചിരുന്നു. ഇതിന് പകരമായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾ കൊറോണ മുക്തരാണെന്ന് ഉറപ്പാക്കൻ ബദല്‍ സംവിധാനങ്ങൾ എത്രയും വേഗം സജ്ജമാക്കണമെന്നും അറിയിച്ചിരുന്നു. ഈ തീരുമാന പ്രകാരം രാജ്യത്തെത്തുന്നവരില്‍ അത്യാവശ്യമായ പരിശോധനകള്‍ വിമാനത്താവളത്തിൽ തന്നെ നടത്താനുള്ള സംവിധാനങ്ങൾ സജ്ജമാക്കാനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.,

വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവരെ രണ്ടാഴ്ച ക്വാറന്റൈൻ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.